കൊൽക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലിലുണ്ടായ തീപ്പിടത്തത്തിൽ 14 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി 8:30-ഓടെയാണ് നഗരമധ്യത്തിലുള്ള ഹോട്ടലിൽ തീപ്പിടിത്തമുണ്ടായത്. കൊൽക്കത്ത പോലീസ് കമ്മിഷണർ മനോജ് കുമാർ വർമ്മ, തീ നിയന്ത്രണവിധേയമാക്കിയതായി മാധ്യമങ്ങളോട് പറഞ്ഞു. തീപ്പിടിത്തത്തിന് ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

പതിനാല് മൃതശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നിരവധി ആളുകളെ രക്ഷപ്പെടുത്തി ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്’, കമ്മിഷണര്‍ പറഞ്ഞു.
അതേസമയം ഹോട്ടലുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരീക്ഷണം കർശനമാക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാർ ആവശ്യപ്പെട്ടു.

തീപ്പിടിത്തത്തിൽ പരിക്കേറ്റവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുനൽകണമെന്ന് അദ്ദേഹം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഹോട്ടലുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, സുകാന്ത മജുംദാർ പറഞ്ഞു.

Related Posts