തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ ‘എമ്പുരാൻ’ സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. ചിത്രത്തിൽ സാങ്കല്പിക പേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷണഭാഗങ്ങൾ ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്‌നാട് കർഷകസംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അണക്കെട്ടു പരാമർശത്തിനെതിരേ മുല്ലപ്പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ കോഡിനേറ്റർ ബാലസിംഗവും രംഗത്തെത്തി. അനാവശ്യമായി മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്നതുകൊണ്ട് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തെയാണ് തകർക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിനിമയിൽ പറയുന്നത് ‘നെടുമ്പള്ളി ഡാം’ എന്നാണ്. അണക്കെട്ടിന് അപകടമുണ്ടായാൽ കേരളം വെള്ളത്തിനടിയിലാകുമെന്നും പറയുന്നു. ഉപയോഗശൂന്യമാണ് തടയണകൾ എന്നും അണക്കെട്ടിൻ്റെ ആവശ്യമില്ലെന്നുമുള്ള സംഭാഷണങ്ങൾ സിനിമയിലുണ്ട്. ഇവയൊക്കെ മ്യൂട്ട് ചെയ്യണമെന്നു മുല്ലപ്പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ കോഡിനേറ്റർ ബാലസിംഗം പറഞ്ഞു.