ചണ്ഡീഗഡിലെ പ്രത്യേക സിബിഐ കോടതി അനധികൃത പണം കണ്ടെത്തിയ സംഭവത്തിൽ വിരമിച്ച ഹൈക്കോടതി ജഡ്‌ജി നിർമൽ യാദവിനെ കുറ്റവിമുക്തയാക്കി. 17 വർഷം മുമ്പ് ഇന്ത്യൻ നീതിന്യായ സംവിധാനത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ കേസിലാണ് സുപ്രധാന വിധി. കേസിൽ വ്യാഴാഴ്ച അന്തിമ വാദം കേട്ട ചണ്ഡീഗഢ് കോടതി വിധി പ്രഖ്യാപനം മാർച്ച് 29-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഹരിയാണ മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ സഞ്ജീവ് ബൻസാൽ, ജസ്റ്റിസ് യാദവ്, ഡൽഹി ആസ്ഥാനമായുള്ള ഹോട്ടലുടമ രവീന്ദർ സിങ്, വ്യവസായി രാജീവ് ഗുപ്‌ത എന്നിവരെ കുറ്റവിമുക്തരാക്കി ജഡ്‌ജി അൽക മാലിക് ഉത്തരവിട്ടു. ആകെ 5 പ്രതികൾ കേസിൽ ഉണ്ടായിരുന്നു. വിചാരണയ്ക്കിടെ അവരിൽ ഒരാൾ മരിച്ചു. സഞ്ജീവ് ബൻസാൽ 2017 ഫെബ്രുവരിയിലാണ് മരിച്ചത്.
കേസിനാസ്‌പദമായ സംഭവം നടന്നത് 2008 ഓഗസ്റ്റ് 13-നാണ്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ മറ്റൊരു ജഡ്‌ജിയായിരുന്ന നിർമൽജിത് കൗറിൻ്റെ വസതിയുടെ മുന്നിൽ നിന്ന് 15 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. സ്വത്ത് ഇടപാട് കേസ് സ്വാധീനിക്കുന്നതിനായി നിർമൽ യാദവിന് നൽകുന്നതിനായി കൊണ്ടുവന്ന തുക പേരിലെ സാമ്യത തെറ്റിദ്ധരിക്കപ്പെട്ട് നിർമൽജിത് കൗറിൻ്റെ വസതിയിൽ തെറ്റായി എത്തിച്ചതാണെന്നായിരുന്നു ആരോപണം. ഉടൻ തന്നെ ജസ്റ്റിസ് കൗർ അന്നത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ വിവരം അറിയിച്ചു. വിഷയം ചണ്ഡീഗഡ് പോലീസിൽ റിപ്പോർട്ട് ചെയ്തു. കേസ് പിന്നീട് സിബിഐക്ക് കൈമാറി.