വ്രതശുദ്ധിയുടെ റമദാൻ മാസത്തെ വരവേൽക്കാൻ ബംഗളൂർ ഒരുങ്ങിക്കഴിഞ്ഞു. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ദൈവിക പരിശീലനത്തിന് വിധേയമാകുകയാണ് വിശ്വാസി സമൂഹം. നഗരത്തിലെ വിവിധയിടങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമങ്ങളും തറാവീഹ് നമസ്കാരത്തിനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തുന്നുണ്ട്.
കെ.എം.സി.സി ബംഗളൂരു കലാസിപാളയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാനിലെ മുഴുവൻ ദിവസങ്ങളിലും നടത്തിവരുന്ന ഇഫ്താർ സംഗമം ഈ വർഷവും സംഘടിപ്പിക്കുന്നുണ്ട്. നഗരത്തിൽ ജോലി ചെയ്യുന്നവരെയും യാത്രക്കാരെയും വിദ്യാർഥികളെയും പരിഗണിച്ചു കൊണ്ടാണ് നോമ്പുതുറകളും തറാവീഹ് നമസ്കാരങ്ങളും ക്രമീകരിച്ചിട്ടുള്ളത്.
മസ്ജിദുകൾ കേന്ദ്രീകരിച്ച് ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരുവിൻ്റെയും മഹല്ലുകളുടെയും നേതൃത്തിൽ ഇഫ്താറിനും തറാവീഹ് നമസ്കാരത്തിനുമുള്ള വിപുലമായ സൗകര്യങ്ങൾ ആണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് കെ.എം.സി.സി അധിക്യതർ അറിയിച്ചു. അതോടൊപ്പം കമ്മനഹള്ളിയിലെ അസ്റാ മസ്ജിദിലും ശിഹാബ് തങ്ങൾ സെൻ്ററിലും നോമ്പുതുറക്കുള്ള സൗകര്യം ഏർപ്പെടുത്തി.