ക്രിപ്റ്റോ കറൻസി തട്ടിപ്പുകേസിൽ നടിമാരായ തമന്ന ഭാട്ടിയയെയും കാജൽ അഗർവാളിനെയും പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങി. 2.4 കോടി രൂപയുടെ തട്ടിപ്പുകേസിൽ പുതുച്ചേരി പൊലീസാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ചെന്നൈ പുതുച്ചേരി മൂലക്കുളം സ്വദേശിയും മുൻ സൈനികനുമായ അശോകൻ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നടപടി. ക്രിപ്റ്റോ കറൻസി നിക്ഷേപ പദ്ധതിയിൽ വഞ്ചിക്കപ്പെട്ടു എന്നാണ് പരാതിയിൽ പറയുന്നത്.
ഓൺലൈനിൽ ഒരു പരസ്യം കണ്ടതിനുശേഷമാണ് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്താൻ തീരുമാനിച്ചതെന്ന് അശോകൻ പറയുന്നു. പിന്നാലെ ഒരു അജ്ഞാത വ്യക്തിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പത്ത് ലക്ഷം രൂപ പദ്ധതിയിൽ നിക്ഷേപിക്കുകയായിരുന്നു. ശേഷം 2022ൽ കോയമ്പത്തൂരിൽ നടന്ന ഒരു കമ്പനിയുടെ ലോഞ്ചിംഗ് ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ടു. ഇവിടെ തമന്ന ഭാട്ടിയയും മറ്റ് ചില താരങ്ങളും സന്നിഹിതരായിരുന്നു.
പരിപാടിയുടെ വിജയവും പ്രമുഖരായ ആളുകളുടെ പങ്കാളിത്തവും കണ്ട് അശോകൻ ഒരു കോടി രൂപ നിക്ഷേപിക്കുകയും തൻ്റെ 10 സുഹൃത്തുക്കളെ 2.4 കോടി രൂപ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തു. മാസങ്ങൾക്കു ശേഷം മഹാബലിപുരത്ത് നടന്ന ചടങ്ങിലും അശോകൻ ക്ഷണിക്കപ്പെട്ടു. ചടങ്ങിൽ കാജൽ അഗർവാളായിരുന്നു മുഖ്യാതിഥി. പരിപാടിയിൽ നൂറിലധികം നിക്ഷേപകർക്ക് 10 ലക്ഷം മുതൽ ഒരുകോടി വരെ വിലയുള്ള കാറുകൾ സമ്മാനമായി നൽകിയെന്നാണ് റിപ്പോർട്ടുകൾ.
കാറിന് പകരം 8 ലക്ഷം രൂപ കാശ് തന്നാൽ മതി എന്നായിരുന്നു അശോകൻ്റെ നിലപാട്. എന്നാൽ കമ്പനി വാഗ്ദാനം പാലിക്കാതെ വന്നതോടെ തന്നെയും മറ്റ് നിക്ഷേപകരെയും വഞ്ചിച്ചുവെന്ന് കാട്ടി അശോകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് അരവിന്ദ് കുമാർ, നിതീഷ് ജെയിൻ എന്നിങ്ങനെ രണ്ടുപേർ അറസ്റ്റിലായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുത്തതിൻ്റെ പേരിലാണ് നടിമാരെ പൊലീസ് ചോദ്യം ചെയ്യുന്നത്.