കണ്ണൂ‌ർ ആറളത്തുണ്ടായ സംഭവം അസാധാരണമെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രൻ. ആറളത്ത് സർവകക്ഷി യോഗം വിളിച്ച് ചേർക്കാനും കർമ്മ പരിപാടികൾ തയ്യാറാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് എ. കെ ശശീന്ദ്രൻ പറഞ്ഞു.

‘ആറളം ഫാം അർദ്ധ കാടിൻ്റെ അവസ്ഥയിലാണ്. അവിടെ നടപ്പാക്കേണ്ട കാര്യങ്ങളിൽ കാലതാമസമുണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റുകയാണ് വേണ്ടത്. അടിക്കാടുകൾ വെട്ടി വന്യജീവികളെ നിയന്ത്രിക്കാനുള്ള സാഹചര്യം ഒരുക്കും. ഇതിൽ നിന്ന് ഒളിച്ചോടാനാവില്ല. അതിനനുസരിച്ചുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

സർക്കാരിൻ്റെ തോട്ടങ്ങളിൽ മാത്രമല്ല സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും വന്യമൃഗങ്ങൾ വരുന്നുണ്ട്. ഇവിടെയൊക്കെ അടിക്കാട് വെട്ടി വന്യമൃഗങ്ങളെ നിയന്ത്രിക്കും. വന്യജീവികൾ കാട്ടിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് വലിയ പ്രശ്‌നമാണ്. ഇത് സമയമെടുത്ത് പരിഹരിക്കേണ്ട കാര്യമാണ്.

നേരത്തെ അങ്ങനെ ഒരു സാഹചര്യമില്ലായിരുന്നു. പദ്ധതികൾ നടപ്പിലാക്കാൻ പണം അനുവദിച്ചിട്ടും കാലതാമസം വരുന്നത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഒന്നും ചെയ്യാൻ കഴിയില്ല എന്ന നിലപാടല്ല, എന്തെങ്കിലും ചെയ്യാൻ കഴിയണം എന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ആറളം ആനമതിൽ ഒന്നാം ഘട്ടം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥതല കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് നോക്കും. അടിക്കാടുകൾ വെട്ടുന്ന കാര്യത്തിൽ കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളത്. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതടക്കമുള്ള കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും’ വനം മന്ത്രി പറഞ്ഞു

Related Posts