കർണാടക കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ നാദാപുരത്തെ വീട്ടിലെത്തി. മൂന്നു ദിവസം നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ മാതാപിതാക്കളെ കണ്ടതിൽ വലിയ സന്തോഷമുണ്ടെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കണ്ടെത്താൻ പരിശ്രമിച്ച രക്ഷാപ്രവർത്തകർക്കും പ്രാർത്ഥിച്ചവർക്കും ശരണ്യ നന്ദി അറിയിച്ചു. വേനൽച്ചൂട് അവസാനിച്ചതിന് ശേഷം വീണ്ടും പുതിയ യാത്രകൾ പോകുമെന്നും ശരണ്യ കൂട്ടിച്ചേർത്തു.
കാട്ടിലെ അരുവിയിൽ നിന്നുള്ള വെള്ളം കുടിച്ചാണ് ദാഹം തീർത്തത്. വന്യമൃഗങ്ങളുടെ സാന്നിധ്യം ഭയപ്പെടുത്തിയിരുന്നു. എങ്കിലും ആത്മവിശ്വാസം കൈവിടാതെ പിടിച്ചുനിൽക്കുകയായിരുന്നു. വഴിതെറ്റിയെന്ന് മനസ്സിലായ നിമിഷം തന്നെ തിരിച്ചു കയറേണ്ടതായിരുന്നു. അതിനു ശ്രമിക്കാത്തത് വലിയ അബദ്ധമായെന്ന് ശരണ്യ പറഞ്ഞു. ഈ അനുഭവം ട്രക്കിങ്ങിനോടുള്ള താൽപ്പര്യം കുറച്ചിട്ടില്ലെന്നും ശരണ്യ വ്യക്തമാക്കി. വേഗത്തിൽ മടങ്ങിവരാവുന്ന ട്രക്കിങ്ങായതിനാൽ ട്രക്കിങ് സാമഗ്രികളോ ഭക്ഷണസാധനങ്ങളോ കരുതിയിരുന്നില്ല. പവർ ബാങ്ക് എടുത്തിരുന്നില്ല. ഫോണിൽ ചാർജ് തീരാറായപ്പോൾ സുഹൃത്തിനെ വിളിച്ചിട്ട് കാര്യംപറയാൻ പറയുമ്പോഴേക്കും ഫോൺ ഓഫായി. ഒറ്റപ്പെട്ടപ്പോൾ പകൽ സമയം കൂക്കിവിളിച്ച് ഒച്ചയുണ്ടാക്കി. അങ്ങനെ ഒച്ചയുണ്ടാക്കിയതാണ് ഞായറാഴ്ച ശരണ്യയെ കണ്ടത്താൻ സഹായകമായത്.