പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 294 സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രി മമതാ ബാനർജിയുടെ മണ്ഡലമായ ഭവാനിപ്പൂരിലും കോൺഗ്രസ് കരുത്തനായ സ്ഥാനാർത്ഥിയെ കളത്തിലിറക്കാൻ ഡൽഹിയിൽ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ. അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. പശ്ചിമബംഗാളിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ ആണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഒരു സീറ്റ് പോലും ഒഴിച്ചിടില്ലെന്നും ഭവാനിപ്പൂരിൽ പാർട്ടിയുടെ പ്രമുഖ നേതാക്കളിൽ ഒരാൾ തന്നെ മമതയ്‌ക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.