സഞ്ജു സാംസണിൻ്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ടി20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. വിൻഡീസിനെതിരായ സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് കരീബിയൻ കരുത്തരെ ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ ഇന്ത്യ മറികടന്നു. സഞ്ജു സാംസൺ പുറത്താകാതെ 50 പന്തിൽ 97 റൺസെടുത്ത് ടീമിൻ്റെ വിജയശിൽപിയായി.
ബാറ്റിങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് അടിച്ചെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച റോവ്‌മൻ പവൽ (19 പന്തിൽ 34), ജയ്‌സൻ ഹോൾഡർ (22 പന്തിൽ 37) സഖ്യമാണ് കരീബിയൻ സ്കോർ 200 നടുത്തെത്തിച്ചത്. 25 പന്തിൽ 40 റൺസെടുത്ത റോസ്റ്റൺ ചേസാണ് വിൻഡീസിൻ്റെ ടോപ് സ്‌കോറർ. ഇന്ത്യയ്ക്ക് വേണ്ടി പേസർ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ സ്കോർ ബോർഡിൽ 29 റൺസായപ്പോൾ ആദ്യ വിക്കറ്റ് വീണു. പത്ത് റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. കൂടുതൽ വൈകാതെ ഇഷാൻ കിഷൻ്റെ വിക്കറ്റും വീണു. ആറ് പന്തിൽ പത്ത് റൺസായിരുന്നു ഇഷാൻ കിഷൻ്റെ സംഭാവന. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 16 പന്തിൽ 18 റൺസെടുത്ത് പുറത്തായി.
ഒരു വശത്ത് തുടരെ വിക്കറ്റുകൾ വീണപ്പോഴും നിറഞ്ഞു കളിച്ച സഞ്ജു സാംസൺ ടീമിനെ ഒറ്റക്ക് ചുമലിലേറ്റി. 15 പന്തിൽ നിന്നും 27 റൺസെടുത്ത് തിലക് വർമയും 14 പന്തിൽ 17 റൺസെടുത്ത് ഹർദിക് പാണ്ഡ്യയും നിർണായകമായ അവസരത്തിൽ സഞ്ജുവിന് കരുത്ത് പകർന്നു. കളി അവസാനിപ്പിക്കാനെത്തിയ ശിവംദുബെ നാല് പന്തിൽ എട്ട് റൺസെടുത്ത് തന്റെ കർത്തവ്യം മനോഹരമായി നിറവേറ്റി. അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 7 റൺസ് ആയിരുന്നു. ആദ്യ പന്ത് സിക്‌സറിടിച്ച സഞ്ജു രണ്ടാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ചു. ഇന്ത്യക്ക് 5 വിക്കറ്റിൻ്റെ ആധികാരിക വിജയം..