16 വയസ്സിൽ താഴെയുള്ലവരുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ. ഇതാനായി 2021ലെ ഐ.ടി നിയമം ഭേദഗതി ചെയ്യും. ഫേക്ക് വീഡിയോകളും ക്രൈം കണ്ടന്റുകളും മറ്റും കുട്ടികളെ സ്വാധീനിക്കുന്ന സാഹചര്യത്തിലാണിത്.
സമ്പൂർണ വിലക്കല്ല വരുന്നത്. ക്ലാസ് റൂം ആപ്പുകൾ അടക്കം ഒഴിവാക്കി ഭാഗിക നിയന്ത്രണമാവും ആദ്യം നടപ്പാക്കുക. ചില അക്കൗണ്ടുകളിൽ പ്രവേശം അനുവദിക്കും. 16 വയസിൽ താഴെയുള്ളവരുടെ ഉപയോഗം വിലക്കാൻ സമൂഹമാദ്ധ്യമ കമ്പനികളുമായി ചർച്ച നടക്കുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ഡൽഹിയിൽ എ.ഐ ഉച്ചകോടിക്കിടെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡി.പി.ഡി.പി) നിയമപ്രകാരം, 18 വയസ്സിൽ താഴെയുള്ലവരുടെ സമൂഹമാദ്ധ്യമ ഡാറ്റ രക്ഷാകർത്താക്കളുടെ ഉത്തരവാദിത്വമാണ്. അവ പരിശോധിക്കാൻ രക്ഷാകർത്താക്കളുടെ അനുമതി വേണം. പാർലമെന്റിൻ്റെ ബഡ്‌ജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രായപരിധി അടിസ്ഥാനമാക്കി നിയന്ത്രണം ശുപാർശ ചെയ്യുന്നു.