മദ്യ നിർമാണ പ്ലാൻറുകൾ ആരോടും ചർച്ച ചെയ്യാതെയാണ് ഒയാസിസ് കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് അനുവദിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഇതു സംബന്ധിച്ച കാബിനറ്റ് നോട്ട് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണം നടക്കവെ ഫയൽ മന്ത്രിസഭ യോഗത്തിന് സമർപ്പിക്കാനുള്ള ഉത്തരവ് നവംബർ 8 നാണ് മുഖ്യമന്ത്രി നൽകുന്നത്.
മറ്റു വകുപ്പുകളുമായി ആശയവിനിമയം നടത്തുകയോ മറ്റ് ഒരു വകുപ്പിൻ്റെയും അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് ഈ ഫയൽ വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേർന്ന് സർക്കാറിലോ മുന്നണിയിലോ ആലോചിക്കാതെ ഈ വിവാദ തീരുമാനം എടുത്തതെന്ന പ്രതിപക്ഷ വാദം അക്ഷരംപ്രതി ശരിവെയ്ക്കുന്നതാണ് മന്ത്രിസഭയോഗത്തിൻ്റെ കുറിപ്പെന്ന് വി.ഡി സതീശൻ വാർത്താ കുറിപ്പിൽ വിമർശിച്ചു.
വ്യവസായം, ധനകാര്യം, തദ്ദേശ സ്വയംഭരണം, ജലവിഭവം തുടങ്ങിയ വകുപ്പുകളൊന്നും പദ്ധതിയുടെ ചർച്ച ചെയ്തതായി അറിവില്ല. ഒയാസിസ് അല്ലാതെ മറ്റൊരു കമ്പനിയും ഇത്തരം പ്ലാൻ്റുകൾ തുടങ്ങുന്നതിനെ കുറിച്ച് അറിഞ്ഞിട്ടില്ല. ഹരിയാനയിൽ നാലു കിലോമീറ്റർ ദൂരത്തിൽ ബോർവെല്ലിലൂടെ മാലിന്യം തള്ളി ഭുഗർഭജലം മലിനപ്പെടുത്തിയതിന് നിയമ നടപടി നേരിടുന്നതും ഇതേ കമ്പനിയുടെ ഉടമ ഡൽഹി മദ്യ നയ കോഴക്കേസിൽ അറസ്റ്റിലായതും ബോധപൂർവം മറച്ചുവെച്ചെന്നും വാർത്താ കുറിപ്പിൽ പ്രതിപക്ഷ നേതാവ് വിമർശിച്ചു.