ദേശീയപാതകളിൽ വാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അമിത വേഗത്തിലോടുന്ന വാഹനങ്ങളെ കണ്ടെത്താൻ എ.ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി കർണാടക. ദേശീയപാതകളിൽ നിയമലംഘനവും അപകടങ്ങൾ വർധിക്കുന്നതും ഇരട്ടിയായ സാഹചര്യത്തിലാണ് സർക്കാരിൻ്റെ ഈ തീരുമാനം. ആദ്യഘട്ടത്തിൽ ബംഗളൂരു റൂറൽ, രാമനഗര, കോലാർ, തുമകൂരു തുടങ്ങി ബംഗളുരുവിലും സമീപ പ്രദേശങ്ങളിലുമാണ് മോട്ടോർ വാഹന വകുപ്പ് കാമറകൾ സ്ഥാപിക്കുക.

ഗതാഗത നിയമലംഘനങ്ങൾക്കായി സർക്കാറിന് കഴിഞ്ഞവർഷം 120 മുതൽ 160 കോടി രൂപവരെയാണ് പിഴയായി ലഭിച്ചത്. ബംഗളൂരു റുറലിൽ നെലമംഗല, ദേവനഹള്ളി-ചിക്കബല്ലാപുര റോഡ്, ഹൊസക്കോട്ടെ, ദൊബ്ബസ്പേട്ട്, , ഹൊസക്കോട്ടെ-ഗൗരിബിദനൂർ റോഡ്, ദൊഡ്ഡബല്ലാപുര, എച്ച് ക്രോസ്, എന്നിവിടങ്ങളിലാണ് എ.ഐ കാമറകൾ സ്ഥാപിക്കുക.

രാമനഗര-കനകപുര റോഡ്, രാമനഗര-ചന്നപട്ടണ റോഡ് എന്നിവിടങ്ങളിലും തുമകൂരുവിൽ കുനിഗൽ റോഡ്, സിറ, മരലുക്കെരെ എന്നിവിടങ്ങളിലും കോലാറിൽ കോലാർ സിറ്റി, കോലാർ-ബംഗാര പേട്ട് റോഡ്, കോലാർ-ശ്രീനിവാസപുര റോഡ് എന്നിവിടങ്ങളിലും എ.ഐ കാമറ സ്ഥാപിക്കാൻ തീരുമാനമായി. മൈസൂരുവിൽ മൈസൂരു-ഊട്ടി റോഡ്, കഡകോല, ടി നരസിപുര, മൈ സൂരു-ഹുൻസൂർ റോഡ്, മൈസൂരു-എച്ച്.ഡി കോട്ട റോഡ് എന്നിവിടങ്ങളിലും എ.ഐ കാമറകൾ സ്ഥാപിച്ചേക്കും.

അമിതവേഗം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, സിഗ്നൽ മറികടക്കൽ, മൊബൈൽ ഉപയോഗം, വൺവേ തെറ്റിക്കൽ തുടങ്ങിയവ എ.ഐ കാമറ സ്വയം കണ്ടെത്തി മോട്ടോർ വാഹ നവകുപ്പിൻ്റെ കൺട്രോൾ റൂമിലറിയിക്കും. വാഹന ഉടമകൾക്ക് തത്സമയംതന്നെ എസ്.എം.എസ് /ഇ-മെ യിൽ അറിയിപ്പും ലഭിക്കുമെന്ന് അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ എസ്. മല്ലികാർജുൻ പറഞ്ഞു.

Related Posts