അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള സർ ഗാരി സോബേഴ്സ് പുരസ്കാരം ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക്. 2024 ൽ താരത്തിൻ്റെ വിവിധ ഫോർമാറ്റുകളിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനു അർഹനായത്. സർ ഗാരി സോബേഴ്സ് പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവും ആദ്യത്തെ പേസറുമാണ് ജസ്പ്രീത് ബുംറ, ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള ബുംറയ്ക്ക് ഇത് ഇരട്ടനേട്ടമാണ്. 2004 ൽ രാഹുൽ ദ്രാവിഡ്, 2010-ൽ സച്ചിൻ ടെൻഡുൽക്കർ, 2016-ൽ രവിചന്ദ്രൻ അശ്വിൻ, 2017 ലും 2018 ലും വർഷങ്ങളിൽ വിരാട് കൊഹ്ലി എന്നിവരാണ് ബുംറയ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ. ഈ മാസം ആദ്യം അവസാനിച്ച ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയയോട് ഇന്ത്യ 3-1 ന് പരമ്പര കൈവിട്ടിരുന്നുവെങ്കിലും ബുംറയുടെ പ്രകടനം അവിസ്മരണീയമായിരുന്നു. 30 ൽ അധികം വിക്കറ്റ് നേടിയ താരമായിരുന്നു പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയത്. കഴിഞ്ഞ വർഷം കളിച്ച 13 ടെസ്റ്റുകളിൽ നിന്ന് 71 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. കഴിഞ്ഞ വർഷം ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവർക്കെതിരായ പരമ്പരകളിൽ ഇന്ത്യയുടെ വിജയങ്ങളിൽ ബുംറയുടെ പ്രകടനം നിർണായകമായിരുന്നു.

Related Posts