ബംഗളൂരു: മലയാള സാഹിത്യ കൃതികൾ കന്നഡ ഭാഷലേക്ക് വിവർത്തനം ചെയ്ത് കന്നഡികരെ നമ്മുടെ സാഹിത്യത്തെക്കുറിച്ച് ബോധൽക്കരിക്കുകയെന്ന ദൗത്യം നിർവ്വഹിച്ച മഹദ് വ്യക്തിത്വമാണ് കെ.കെ. ഗംഗാധരൻ്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായതെന്ന് ബെംഗളൂർ മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം അഭിപ്രായപ്പെട്ടു. ഏതു ഭാഷയിലേക്കാണോ വിവർത്തനം ചെയ്യുന്നത് ആ ലക്ഷ്യ ഭാഷയിൽപ്പെട്ടവർക്ക് അത് അവരുടെ ഭാഷയിൽ തന്നെ ഉണ്ടായിട്ടുളള ഒരു കൃതി എന്ന പോലെ അനുകൂലമാവുകയും, അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് വിവർത്തനം സാർത്ഥമാകുന്നത്. അത്തരം മികവുറ്റ മൊഴിമാറ്റങ്ങളാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്താൻ കാരണമായത് എന്ന് യോഗം അനുസ്മരിച്ചു.
ഹോട്ടൽ ജിയോയിൽ റൈറ്റേഴ്സ് ഫോറം സംഘടിപിച്ച ‘ഓർമ്മയിൽ കെ.കെ.ജി’ എന്ന അനുസ്മരണ പരിപാടിയിൽ റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അധ്യക്ഷം വഹിച്ചു. വിവർത്തനം കലയാണ്, ശാസ്ത്രമാണ്, അതൊരു നൈപുണ്യമാണ്. ഉപയോഗിക്കുന്ന ഭാഷകൾക്കതീതമായി ചിന്തകളും ആശയങ്ങളും പരസ്പരം വിനിമയം ചെയ്യുവാൻ മനുഷ്യരെ പ്രാപ്തമാക്കുന്ന സർഗ്ഗാത്മക പ്രവർത്തനമാണ് ട്രാൻസിലേഷൻ എന്ന് എഴുത്തുകാരനും വിവർത്തകനുമായ സുധാരകരൻ രാമന്തളി പറഞ്ഞു. ബെംഗളൂരുവിലെ വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികളായ ഡോ. കെ. മലർവിഴി, കെ. കവിത, ടി.എം. ശ്രീധരൻ, ഇന്ദിരാബാലൻ, രമ പ്രസന്ന പിഷാരടി, ഡോ. എം. പി. രാജൻ, സതീഷ് തോട്ടശ്ശേരി, ആർ. വി. ആചാരി, കെ. ചന്ദ്രശേഖരൻ നായർ, അഡ്വ. പ്രമോദ് വരപ്രത്ത്, ടി.കെ. രവീന്ദ്രൻ, രുഗ്മിണി സുധാകരൻ, ഷംസുദ്ദീൻ കൂടാളി, മെറ്റി കെ ഗ്രേസ്, രമേശ് മാണിക്കോത്ത്, നയൻ നന്ദിയോട്, അശോക് കുമാർ തുടങ്ങിയവർ, ലളിതവും മനോഹരവുമായ കന്നഡ ഗദ്യശൈലിയിലൂടെ വിവർത്തനം നിർവ്വഹിച്ച കെ. കെ. ഗംഗാധരനെക്കുറിച്ചുള്ള ഓർമ്മകളും, അനുഭവങ്ങളും പങ്കുവച്ചു. മുഹമ്മദ് കുനിങ്ങാട് സ്വാഗതവും ശാന്തകുമാർ എലപ്പുള്ളി നന്ദിയും പറഞ്ഞു.