ബെംഗളൂരു മെട്രോയിൽ സഹയാത്രികരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്യണമെന്ന നിർദ്ദേശവുമായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. ഇതിനായി ബോധവത്കരണത്തിനു ഇറങ്ങിയിരിക്കുകയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. ഇതിനായി രണ്ട് ഹോം ഗാർഡുകൾ വീതമുള്ള പ്രത്യേകസംഘത്തെ വിന്യസിച്ചായിരുന്നു പ്രവർത്തനം. സഹയാത്രികർക്ക് അസൗകര്യമുണ്ടാക്കുന്ന കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മെട്രോ റെയിൽവേസ് (ഓപ്പറേഷൻ ആൻഡ് മെയിൻ്റനൻസ്) നിയമ പ്രകാരം പിഴ ചുമത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

മെട്രോ ട്രെയിൻ യാത്രയിൽ ഭക്ഷണം കഴിക്കുക, പുകയില ചവയ്ക്കുക, മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംഗീതം കേൾക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ബോധവത്കരണ കാംപെയ്നുമായി അധികൃതർ രംഗത്തെത്തിയത്. മുതിർന്ന പൗരന്മാർക്കും വൈകല്യമുള്ളവർക്കും ഗർഭിണികൾക്കും മുൻഗണനാ ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകൊടുക്കണമെന്നും അധികൃതർ ഉപദേശിച്ചു. സഹയാത്രികരോട് ക്ഷമയും മര്യാദയും പരിഗണനയും കാണിക്കാനും ഉപദേശിച്ചു.

കഴിഞ്ഞവർഷം മുൻഗണനാ സീറ്റിൽ ഇരുന്നതിന് 37,038 യാത്രക്കാർക്ക് കൗൺസലിങ് നൽകി. പുകയില ഉത്പന്നങ്ങൾ ചവച്ച 1,677 യാത്രക്കാരെയും പിടികൂടിയിരുന്നു. ട്രെയിനുകൾക്കുള്ളിൽ ഭക്ഷണം കഴിച്ച 1,907 യാത്രക്കാരെ കണ്ടെത്തിയിരുന്നു.

Related Posts