ആദായനികുതി പരിശോധനയ്ക്കിടെ ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് നടക്കും. സഹോദരൻ്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. രാവിലെ 9 മണിയോടെ ബോറിംഗ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സഹോദരൻ സി.ജെ. ബാബുവിൻ്റെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനത്തിന് അവസരമുണ്ടാകും.
ബെംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളില്‍ ഇന്നലെയാണ് റോയിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തു അന്വേഷണം തുടരുകയാണ്. വെടിയുതിര്‍ത്ത തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സി.ജെ റോയിയുടെ രണ്ട് മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അറിയിച്ചു.
ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കുടുംബാംഗങ്ങളുടെയും കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്നലെ അദ്ദേഹത്തിൻ്റെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിലും ബെംഗളൂരുവിലും ഗള്‍ഫിലും നിക്ഷേപമുള്ള വ്യവസായ പ്രമുഖനായിരുന്നു സി ജെ റോയ്.