വയനാട്ടിലെ പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കടുവയെ കണ്ടെത്താനുള്ള സ്പെഷ്യല്‍ ഓപ്പറേഷൻ തുടരുന്നതിനിടെയാണ് ഇന്നു പുലർച്ചെ 2.30 ഓടെ പിലാക്കാവ് ഭാഗത്ത് ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ കഴുത്തില്‍ രണ്ടു വലിയ മുറിവുകളുണ്ട്. മറ്റൊരു കടുവയുമായുള്ള ആക്രമണത്തിനിടെ പരുക്കേറ്റതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കടുവയെ കണ്ടെത്തി എത്രയും വേഗം വെടിവച്ചു കൊല്ലണമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയിരുന്ന നിർദേശം. കടുവയെ പിടികൂടാനുള്ള ദൗത്യ സംഘത്തിനൊപ്പം സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പിലെ കമാൻഡോകള്‍ കൂടി ഇന്ന് ചേർന്നിരുന്നു.
കടുവയെ കണ്ടാല്‍ വെടിവയ്ക്കാനാണ് ഷാർപ് ഷൂട്ടർമാരെ കൂടി ഉള്‍പ്പെടുത്തിയത്. സ്പെഷ്യല്‍ ഓപ്പറേഷൻ്റെ ഭാഗമായി രാവിലെ ആറു മുതല്‍ മേഖലയില്‍ 48 മണിക്കൂർ കർഫ്യൂവും ഏർപ്പെടുത്തിയിരുന്നു. മാനന്തവാടി നഗരസഭയില്‍ പഞ്ചാരകൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്നുറോഡ്, മണിയൻകുന്ന്, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. പഞ്ചാരകൊല്ലി, ചിറക്കര, പിലാക്കാവ് ഡിവിഷനുകളിലെ മദ്രസകള്‍, അങ്കണവാടികള്‍, സ്കൂളുകള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. പി.എസ്.സി പരീക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടക്കുന്ന പരീക്ഷകള്‍ക്ക് അത്യാവശ്യമായി പോകണ്ടവർ ഡിവിഷനിലെ കൗണ്‍സിലറുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.