സത്യം മറച്ച്, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഹൃദയശൂന്യമായ കാലത്തെയാണ് സത്യാനന്തരകാലമെന്നു വിവക്ഷിക്കപ്പെടുന്നതെന്നും, സത്യവും അസത്യവും വേർതിരിക്കാനാവാത്തവിധം അന്ധകാരം വ്യാപിക്കുകയാണെന്നും ഈ വ്യാജ നിർമ്മിതികളെ അതിജീവിക്കാൻ ഓരോരുത്തരും തയ്യാറാവണമെന്നാണ് കാലം ആവശ്യപ്പെടുന്നതെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ ആർ കിഷോർ അഭിപ്രായപ്പെട്ടു.
ശാസ്ത്രത്തേയും, ചരിത്രത്തെയും അകറ്റി, സത്യവിരുദ്ധതയും നുണകളും പ്രചരിപ്പിച്ചു പൊതുബോധ നിർമ്മിതി നടത്തി അധികാരം കൈവരിക്കുന്ന പ്രവണത തൊണ്ണൂറുകളിൽ ആരംഭിച്ചെങ്കിലും ഇരുപ ത്തൊന്നാം നൂറ്റാണ്ടിൽ ലോകം മുഴുവൻ ഇത് വ്യാപിക്കുകയാണെന്നും, ഈ കെടുതിയിൽ നിന്നു മുക്തമാവാൻ കഴിയുന്നില്ലെങ്കിൽ വരും തലമുറയുടെ ഭാവി ശോഭനമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിമാസ സെമിനാറിൽ ‘സത്യാനന്തര കാലം – കെടുതികളും അതി ജീവനവും’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു കെ ആർ കിഷോർ.
സത്യാനന്തരകാലത്തിൻ്റെ ഇന്ത്യൻ രാഷ്ട്രീയം നുണകളുടെയും, തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണെന്നും, നോട്ട് നിരോധനത്തിൻ്റെ പരാജയം മറച്ചുവെക്കൽ, പൌരത്വ ബില്ലിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ നുണപ്രചരണങ്ങൾ കൊണ്ട് മറികടക്കൽ, കോവിഡ് കണക്കുകളുടെ മറച്ചുവെയ്ക്കൽ ഒക്കെ ഭരണകൂടത്തിൻ്റെ ഇത്തരം പ്രവണതയ്ക്കു ഉദാഹരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സത്യാനന്തരകാലത്തെ അതിജീവനത്തിന് ഓരോരുത്തരും, കൂട്ടമായും ശാസ്ത്രത്തെയും, ഫാക്ട് ചെക്കിങ്, നിർമിത ബുദ്ധി പോലുള്ള സാങ്കേതിക വിദ്യകളെയും ആശ്രയിക്കണമെന്നും ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് ടി വി പ്രതിഷ് അഭിപ്രായപ്പെട്ടു.
പി.മോഹൻദാസ് അധ്യക്ഷത വഹിച്ചു. ചർച്ചയിൽ ശാന്തകുമാർ എലപ്പുള്ളി,, സി.ജേക്കബ്, ആർ വി പിള്ള, എം.ബി.മോഹൻദാസ്, പ്രഭാകരൻ പിള്ള, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, കല്പന പ്രദീപ് എന്നിവർ സംസാരിച്ചു. പ്രദീപ്.പി.പി നന്ദി പറഞ്ഞു.