എൻഎം വിജയൻ്റെ മരണത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ ഗോപിനാഥൻ എന്നിവരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ടയക്കും. കേസിലെ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് നിയമസഭ സമ്മേളിക്കുന്നതിനാൽ ഇളവു നൽകിയിരുന്നു, 23, 24, 25 തീയതികളിൽ എം.എൽ.എയെ ചോദ്യം ചെയ്യലിന് ഹാജരാക്കും. വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, ഡി.സി.സി. മുൻ ട്രഷറർ കെ.കെ. ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കി പോലീസ് കേസെടുത്തത്. കെ.പി.സി.സി. പ്രസിഡണ്ടിന് നൽകാൻ വിജയൻ എഴുതിയ കത്തിൽ ഇവരുടെ പേരുകൾ പരാമർശിച്ചിരുന്നുവെന്നാണ് പറയുന്നത്. പോലീസ് അന്വേഷണത്തിൽ ലഭിച്ച മൊഴികളും നേതാക്കളെ പ്രതി ചേർക്കുന്നതിലേക്ക് നയിച്ചിരുന്നു. എൻ.ഡി. അപ്പച്ചനെയും കെ.കെ. ഗോപിനാഥനെയും അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. പ്രത്യേക അന്വേഷണസംഘം മേധാവി ബത്തേരി ഡിവൈ.എസ്. പി. കെ.കെ. അബ്ദുൾ ഷെരീഫിൻ്റെ നേത്യത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
എൻ.എം. വിജയൻ്റെ കത്തുകളിലെയും ഡയറിക്കുറിപ്പിലെയും പേര് പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളെന്നാണ് സൂചന. വിജയൻ്റെ മുറിയിൽ നിന്ന് ലഭിച്ച ഡയറിക്കുറിപ്പിൽ ഒന്നരക്കോടിയോളം രൂപയുടെ വായ്പയടക്കമുള്ളവ ഉണ്ടെന്ന സൂചനകളുണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 14 ബാങ്കുകളിൽ നിന്നും ബത്തേരി അർബൻ ബാങ്കിൽനിന്നും ബത്തേരി സർവീസ് സഹകരണ ബാങ്കിൽനിന്നും ലഭിച്ച വിവരങ്ങളിൽ ഒരുകോടിയിലേറെ രൂപയുടെ ബാധ്യതയുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിയമനത്തിന് പണംവാങ്ങി വഞ്ചിച്ചതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രണ്ട് പരാതികൾ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം തുടങ്ങിയിരുന്നു. ബാങ്കിലെ നിയമനത്തട്ടിപ്പ് വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിരുന്നു. വയനാട് വിജിലൻസ് ഡിവൈ.എസ്.പി. ഷാജി വർഗീസിനാണ് അന്വേഷണച്ചുമതല എൻ എം. വിജയൻ്റെയും മകൻ്റെയും ആത്മഹത്യയെത്തുടർന്ന് മാധ്യമങ്ങളിലെ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ആന്വേഷണത്തിന് ഉത്തരവിട്ടത്. ബാങ്ക് നിയമനമടക്കമുള്ള സാമ്പത്തിക ഇടപാടുകളാണ് വിജിലൻസ് അന്വേഷിക്കുന്നത്.