മുൻ നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയെ തുടർന്നാണ് അന്വേഷണം. പാട്ടാവകാശം മാത്രമുള്ള ഭൂമി കൈവശപ്പെടുത്തിയെന്നാണ് വിജിലൻസിന് ലഭിച്ച പരാതി. പരാതിയെ തുടർന്ന് പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടിരിക്കുകയാണ്. കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രൻ്റെ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് കൈമാറി. യൂണിറ്റ് രണ്ടിനാണ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ അന്വേഷണച്ചുമതല. സമയപരിധിക്കുള്ളിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. പിണറായിക്കെതിരെ തുറന്ന പോരാട്ടമാണ് നടത്തുകയെന്ന് എം.എൽ.എ സ്ഥാനം രാജിവെച്ച അൻവർപ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരം പരാതികൾക്ക് പിന്നിൽ സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുള്ള പകപോക്കലാണെന്നാണ് വിമർശനം.

Related Posts