ട്വന്റി -20 പരമ്പര 2-1ന് സ്വന്തമാക്കി ടീം ഇന്ത്യ. ബ്രിസ്‌ബേണിലെ ഗാബയില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്ബരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മത്സരം തുടങ്ങി 4.5 ഓവറുകള്‍ മാത്രം പിന്നിട്ടപ്പോഴാണ് ഇടിമിന്നലിനെ തുടർന്ന് കളി തടസപ്പെട്ടത്.

പിന്നീട് കനത്ത മഴ പെയ്യുകയും കളി പുനരാരംഭിക്കാൻ കഴിയാതെ വരികയും ചെയ്തതോടെ രണ്ട് മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ മത്സരം ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. കളി തടസ്സപ്പെടുന്നതിന് മുമ്പ് ഇന്ത്യൻ ഓപ്പണർമാർ മികച്ച പ്രകടനമാണ് നടത്തിയത്. അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് 50 റണ്‍സിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ട്വന്റി- 20ൽ ഏറ്റവും കുറഞ്ഞ പന്തില്‍ (528) 1000 റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനായി അഭിഷേക് ശർമ ലോക റെക്കാർഡ് സ്വന്തമാക്കുകയും ചെയ്തു. ക്യാപ്ടൻ സൂര്യകുമാർ യാദവിൻ്റെ (573) റെക്കാ‌ഡ് ഭേദിച്ചാണ് അഭിഷേകിൻ്റെ നേട്ടം. ഓസീസ് താരങ്ങള്‍ രണ്ട് തവണ താരത്തിൻ്റെ ക്യാച്ച്‌ നഷ്ടപ്പെടുത്തിയിരുന്നു. ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെയും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെയും നേതൃത്വത്തില്‍ ഇന്ത്യ നേടുന്ന തുടർച്ചയായ അഞ്ചാമത്തെ ട്വന്റി- 20 പരമ്പരയാണിത്. അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദി സീരിസ്.

Related Posts