ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി .പത്തനംതിട്ട ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് പുതിയ അറസ്റ്റുണ്ടായിരിക്കുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. കേസിൽ ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെയെല്ലാം വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.കേസിൽ നേരത്തെ അറസ്റ്റിലായ ദീപു എന്നയാൾ വഴിയാണ് ചൊവ്വാഴ്‌ച അറസ്റ്റിലായ യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ഇയാളും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലവിൽ 30-ഓളം എഫ്.ഐ.ആറുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട പോലീസ് എടുത്ത ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പോലീസിന് കൈമാറി. കോന്നി, റാന്നി, പത്തനംതിട്ട ടൗൺ, പന്തളം, മലയാലപ്പുഴ സ്റ്റേഷനുകളിലാണ് ഈ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

പെൺകുട്ടിയുടെ മൊഴിയിൽ 62 പേർ പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇതുവരെ 58 പ്രതികളെയാണ് പോലീസ് കണ്ടെത്തിയത്. ബാക്കി നാലുപേർക്കെതിരേ വ്യക്തമായ വിവരങ്ങൾ കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. പിടിയിലാകാനുള്ളവരിൽ ഒരു പ്രതി വിദേശത്താണ്. ഇയാളെ അറസ്റ്റു ചെയ്യുന്നതിന് വേണ്ടിവന്നാൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ് പറഞ്ഞു. കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയെ കഴിഞ്ഞദിവസം ബാലാവകാശ കമ്മിഷൻ അംഗം എൻ. സുനന്ദ സന്ദർശിച്ചു. ആശ്വാസനിധിയിൽനിന്ന് സഹായധനം അനുവദിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് കമ്മിഷൻ നിർദേശം നൽകി. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായും സുനന്ദ പറയുന്നു .

Related Posts