അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ പങ്കെടുക്കും. ജനുവരി 20 നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വൈസ് പ്രഡിഡണ്ടായി ജെ ഡി വാൻസും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ജയ്ശങ്കറിന്റെ സന്ദർശനം ഇന്ത്യയും യുഎസും തമ്മിലെ നയതന്ത്രബന്ധത്തെ ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുതുന്നത്. ചടങ്ങിലെത്തുന്ന ജയ്ശങ്കർ അന്താരാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ ആണ് അറിയിച്ചത്. ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായ, അർജന്റന പ്രസിഡണ്ട് ജാവിയർ മിലെ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിംഗ്, മുൻ ബ്രസീലിയൻ പ്രസിഡണ്ട് ജൈർ ബോൽസോനാരോ തുടങ്ങിയവർക്കും ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണമുണ്ട്.
അമേരിക്കയുടെ 47ാമത് പ്രസിഡണ്ടായി നാലുവർഷത്തിനുശേഷമാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിന്റെ പടി ചവിട്ടുന്നത്. അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റകുന്ന വ്യക്തിയാണ് ട്രംപ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ജോ ബൈഡനോട് പരാജയപ്പെടുകയാണ് ചെയ്തത്. എക്കാലത്തെയും ചരിത്ര വിജയമാണ് തന്റെതെന്നും അമേരിക്കയെ സുവർണ കാലത്തിലേക്ക് നയിക്കുമെന്നുമാണ് തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ട്രംപ് പറഞ്ഞത്.