സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു. സിനിമകളുടെ സ്ക്രീനിങ് നാളെ മുതൽ തുടങ്ങും. ഇപ്രാവശ്യം ജൂറിക്ക് മുന്നിലുള്ളത് 128 സിനിമകളാണ്. ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ ചലച്ചിത്ര പുരസ്‌കാര നിർണയ സമിതിയിൽ അംഗമാകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
തിരക്കഥാകൃത്തും സംവിധായകനും ഒന്നാം സബ് കമ്മിറ്റി ചെയർപേഴ്‌സനുമായ രഞ്ജൻ പ്രമോദ്, നടിയും ഡബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, സംവിധായകനും ഛായാഗ്രഹകനും രണ്ടാം സബ് കമ്മിറ്റി ചെയർപേഴ്‌സനുമായ ജിബു ജേക്കബ്, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, ഗായിക ഗായത്രി അശോകൻ, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് അന്തിമ വിധി നിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ.