സംവിധായകൻ എബ്രിഡ് ഷൈനും നടൻ നിവിൻ പോളിയും വഞ്ചിച്ചുവെന്ന് പരാതി നൽകിയ നിർമ്മാതാവ് തലയോലപ്പറമ്പ് സ്വദേശി പി.എസ്. ഷംനാസിനെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്. അന്വേഷണം പ്രഖ്യാപിച്ചത് വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്. വ്യാജ സത്യവാങ്മൂലം നൽകിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധം രേഖകൾ ഹാജരാക്കിയതിനുമാണ് അന്വേഷണം.
നിർമ്മാതാവ് അറിയാതെ ആക്ഷൻ ഹീറോ ബിജുവിന്‍റെ രണ്ടാംഭാഗം നിർമ്മിക്കുന്നതിന് കരാറിലേർപ്പെട്ട ശേഷം ചിത്രത്തിന്‍റെ പകർപ്പവകാശം മറിച്ചുവിറ്റെന്ന ഷംനാസിന്‍റെ പരാതിയിൽ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരേ നേരത്തെ കേസ് എടുത്തിരുന്നു.
നിവിൻ പോളിയും സംവിധായകൻ എബ്രിഡ് ഷൈനും പി.എസ്. ഷംനാസും ചിത്രവുമായി ബന്ധപ്പെട്ട് ഒപ്പിട്ട കരാറിൽ സിനിമയുടെ എല്ലാ അവകാശങ്ങളും നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഫിലിം ചേംബറിൽ നിന്ന് ഇക്കാര്യം മറച്ചുവെച്ച് ചിത്രത്തിൻ്റെ പേരിൻ്റെ അവകാശം ഷംനാസ് സ്വന്തമാക്കിയെന്നും ഇതിനായി തൻ്റെ ഒപ്പ് വ്യാജമായി ചേർത്ത രേഖ ഹാജരാക്കുകയും ചെയ്‌തുവെന്നാണ് നിവിൻ പോളിയുടെ പരാതി.
സിനിമയുടെ പൂർണ അവകാശം തനിക്കാണെന്ന് വൈക്കം കോടതിയിൽ ഫിലിം ചേംബറിൽ നിന്ന് കിട്ടിയ രേഖ ഹാജരാക്കി നൽകിയ സത്യവാങ്മൂലത്തിൽ ഷംനാസ് അവകാശപ്പെട്ടു. നിവിൻപോളി, കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധമുള്ള രേഖകളാണ് ഹാജരാക്കിയതെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. ഷംനാസിനെതിരേ ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്.