റഷ്യ യുക്രൈന് നേരെ രൂക്ഷമായ ഡ്രോണാക്രമണം നടത്തി. ശനിയാഴ്ച്ച രാത്രിയാണ് ആക്രമണം നടന്നത്. 60 മിസൈലുകളും 477 ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റഷ്യയുമായി അതിർത്തി പങ്കിടുന്ന, യുദ്ധമുഖത്തിനുമപ്പുറമുള്ള പ്രദേശങ്ങളിലേക്കും പ്രത്യേകിച്ച് കിഴക്കൻ യുക്രൈനിലും ആക്രമണം നടന്നു. യുക്രൈനുമായി അതിർത്തിപങ്കിടുന്ന പോളണ്ട് തങ്ങളുടെ വ്യോമാതിർത്തി സംരക്ഷിക്കാൻ യുദ്ധവിമാനങ്ങളെ അണിനിരത്തി.
ഖേഴ്സണില്‍ ഒരാള്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യുക്രൈനിലെ മധ്യമേഖലയിലെ പ്രവിശ്യയായ ചുര്‍കാസിയിലും ആക്രമണം നടന്നു. ഒരു കുട്ടിയുള്‍പ്പെടെ ഇവിടെ 6 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയിൽ നടന്നത് 3 വർഷമായി തുടരുന്ന യുദ്ധത്തിനിടെ യുക്രൈൻ നേരിട്ട ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് . റഷ്യ ആയച്ച ഡ്രോണുകളിൽ 211 എണ്ണം യുക്രൈൻ വെടിവെച്ചിട്ടു. 225 എണ്ണത്തിനെ ഇലക്ട്രോണിക് വാർഫയർ സംവിധാനങ്ങൾ ഉപയോഗിച്ച് നിർവീര്യമാക്കി.
വെള്ളിയാഴ്ച യുക്രൈനുമായി ചർച്ച നടത്താൻ സന്നദ്ധനാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ പറഞ്ഞിരുന്നു. റഷ്യ അയച്ച മിസൈലുകളിൽ 38 എണ്ണവും പ്രതിരോധിച്ചെങ്കിലും ബാക്കിയുള്ളവ യുക്രൈനിനുള്ളിൽ ആക്രമണം നടത്തി. തൊട്ടടുത്ത ദിവസം മാരകമായ ആക്രമണം റഷ്യയുടെ ഭാഗത്തു നിന്നുണ്ടായത് ഇതിന് പിന്നാലെയാണ്. തുർക്കിയിലെ ഇസ്താംബുളിൽ വെച്ച് റഷ്യ-യുക്രൈൻ പ്രതിനിധികൾ നടത്തിയ രണ്ടുഘട്ട ചർച്ചകളും പുരോഗതിയില്ലാതെ അവസാനിച്ചിരുന്നു.