പ്രതിഭാധനരായ ചലച്ചിത്ര വ്യക്തിത്വങ്ങള്‍ക്ക് ആദരമായി 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. റോബര്‍ട്ട് റെഡ്ഫോര്‍ഡിൻ്റെ ‘ഓള്‍ ദ പ്രസിഡന്റ്സ് മെന്‍’, ഡേവിഡ് ലിഞ്ചിൻ്റെ ‘ബ്ലൂ വെല്‍വെറ്റ്’, ക്ലോഡിയ കാര്‍ഡിനാലിൻ്റെ ‘എയ്റ്റ് ആന്റ് ഹാഫ്’, ഡയാന്‍ കീറ്റണ്‍ൻ്റെ ‘ആനി ഹാള്‍’, ശ്യാം ബെനഗലിൻ്റെ ‘ഭൂമിക’, എം.ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘നിര്‍മ്മാല്യം’, ‘കടവ്’, ഷാജി എന്‍. കരുണിൻ്റെ ‘വാനപ്രസ്ഥം’, ‘കുട്ടിസ്രാങ്ക്’, വയലാര്‍ രാമവര്‍മ്മയ്ക്കും സലില്‍ ചൗധരിയ്ക്കും ആദരമായി ‘ചെമ്മീന്‍’, ജന്മശതാബ്ദിയോടനുബന്ധിച്ച് ഗുരുദത്തിൻ്റെ ‘പ്യാസ’ എന്നിവയാണ് ഇത്തവണ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍.

അമേരിക്കന്‍ സംവിധായകന്‍ ഡേവിഡ് ലിഞ്ചിൻ്റെ 1986-ലെ മിസ്റ്ററി ത്രില്ലറാണ് ‘ബ്ലൂ വെല്‍വെറ്റ്’. നിരവധി അംഗീകാരങ്ങള്‍ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. പ്രശസ്ത സംവിധായകനും അഭിനേതാവുമായ റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് കേന്ദ്ര കഥാപാത്രമായ ചിത്രമാണ് ‘ഓള്‍ ദി പ്രെസിഡെന്റ്‌സ് മെന്‍’. അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ വാട്ടര്‍ഗേറ്റ് വിവാദത്തെ ആസ്പദമാക്കി അലന്‍ ജെ. പാക്കുല സംവിധാനം ചെയ്ത ഈ ചിത്രം 1977 ല്‍ -ലെ മികച്ച സഹനടനുള്ള പുരസ്‌കാരമുള്‍പ്പടെ നാല് ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടി. 1964-ലെ അക്കാദമി അവാര്‍ഡുകളില്‍ മികച്ച വിദേശഭാഷാ ചിത്രമുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ഫെഡ്റിക്കൊ ഫെല്ലിനിയുടെ’ എയ്റ്റ് ആന്റ് ഹാഫ്”, ഇറ്റാലിയന്‍ അഭിനേത്രി ക്ലോഡിയ കാര്‍ഡിനാലിന് ആദരമായി പ്രദര്‍ശിപ്പിക്കും. കൂടാതെ 1978-ലെ മികച്ച ചിത്രമുള്‍പ്പടെ നാല് ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടിയ ഡയാന്‍ കീറ്റണ്‍ൻ്റെ അഞ്ചു ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ചലച്ചിത്രസപര്യയിലെ പ്രധാനചിത്രങ്ങളിലൊന്നായ 1977-ലെ വൂഡി അലന്‍ ചിത്രം ‘ആനി ഹാളും’ മേളയില്‍ പ്രദര്‍ശിപ്പിക്കും.

ബംഗാളി സംവിധായകന്‍ ശ്യം ബെനഗലിന് ആദരമായി ഹന്‍സ വാഡ്ക്കറുടെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം സംവിധാനം നിര്‍വഹിച്ച ‘ഭൂമിക’ (1977) പ്രദര്‍ശിപ്പിക്കും. ‘നിര്‍മ്മാല്യം’ (1973), കടവ്’ (1991) എന്നീ ചിത്രങ്ങള്‍ മലയാള സിനിമയുടെ അതുല്യപ്രതിഭ എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരമായി പ്രദര്‍ശിപ്പിക്കും. 2024 ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാര ജേതാവും മണ്മറഞ്ഞ ചലച്ചിത്രപ്രതിഭയുമായ ഷാജി എന്‍.കരുണിൻ്റെ ‘വാനപ്രസ്ഥം’ (1999), ‘കുട്ടിസ്രാങ്ക്’ (2010) എന്നീ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
വയലാര്‍ രാമവര്‍മയുടെ അന്‍പതാം ചരമവാര്‍ഷികവും സലീല്‍ ചൗധരിയുടെ ജന്മശതാബ്ദിയോടുമനുബന്ധിച്ച് രാമുകാര്യാട്ടിൻ്റെ ‘ചെമ്മീന്‍’ (1965) പ്രദര്‍ശിപ്പിക്കും. വിഖ്യാത സംവിധായകന്‍ ഗുരുദത്തിന്റെ ജന്മശതാബ്ദിയില്‍ ‘പ്യാസ’ (1957) മേളയില്‍ പ്രദര്‍ശിപ്പിക്കും.

Related Posts