കേരളത്തിലേക്ക് 20 കോച്ചുള്ള വന്ദേഭാരത് വെള്ളിയാഴ്ചയെത്തും. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് ഈ വണ്ടി ഓടുന്നത്. 20 കോച്ചുള്ള വന്ദേഭാരതുകൾ അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. അതിലൊന്നാണ് ദക്ഷിണ-മധ്യ റെയിൽവേക്ക് കൈമാറിയത്. രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി. റൂട്ട് നിശ്ചയിക്കാത്തതിനാൽ ദക്ഷിണ റെയിൽവേയുടെ വണ്ടി ചെന്നൈ അമ്പത്തൂരിൽ ഒന്നരമാസം നിർത്തിയിട്ടിരുന്നു. ഈ വണ്ടിയാണ് കേരളത്തിലേക്കെത്തുന്നത്. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എട്ട്‌ കോച്ചാണ് ഉള്ളത്. ഇതിനുപകരം 20 കോച്ചുള്ള വണ്ടി രണ്ടാംഘട്ടത്തിൽ വരും. കേരളത്തിൽനിന്ന് കൊണ്ടുപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയിൽവേയുടെ അധിക വണ്ടിയായി (സ്പെയർ) തത്കാലം ഉപയോഗിക്കും. മൈസൂരു-ചെന്നൈ വന്ദേഭാരതിൻ്റെ ഒരുമാസത്തെ അറ്റകുറ്റപ്പണി ഫെബ്രുവരിയിൽ നടക്കും. ആ സമയം ഈ വണ്ടി പകരം ഓടിക്കാനാണ്‌ തീരുമാനം.അതിനുശേഷം കേരളത്തിലെ എട്ട്‌ കോച്ചുള്ള വണ്ടി 20-ലേക്ക് മാറുമെന്നാണ് സൂചന.16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിലെ (20634/20633) 1016 സീറ്റും നിറഞ്ഞാണ് ഓടുന്നത്‌. നാല് കോച്ചുകൾ അധികം വരുമ്പോൾ 312 സീറ്റുകൾ വർധിക്കും. ഇന്ത്യയിൽ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്ത് തുടരുന്ന വണ്ടിയാണിത്.

Related Posts