വയനാട്ടിലെ ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നതിൽ സർക്കാറിൻ്റെ നടപടികളെ പ്രതിഷേധിച്ച് ടി. സിദ്ദിഖ് എം.എൽ.എ. ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ യുഡിഎഫ് നടത്തുന്ന കളക്‌ടറേറ്റ് വളയൽ സമരത്തിനിടെ സംസാരിക്കുകയസായിരുന്നു അദ്ദേഹം.
‘പ്രഖ്യാപനങ്ങളല്ലാതെ ഒരു കാര്യവും നടക്കുന്നില്ല. എൻ.ഡി.എം.എ ആക്ട് അനുസരിച്ച് ദുരന്തബാധിതരോട് സംസാരിച്ചിട്ട് വേണം അവരുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. നിർബന്ധമായും 10 സെൻ്റ് ഭൂമിയെങ്കിലും ലഭ്യമാക്കണമെന്നായിരുന്നു അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം.
എന്നാൽ കേവലം 7 സെൻ്റ് കൊടുക്കുമെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. 7 മാസക്കാലത്തിനിടയ്ക്ക് ദുരിതബാധിതരുടെ ലിസ്റ്റ് പോലും പൂർത്തീകരിക്കാൻ സാധിക്കാത്ത ഒരു സർക്കാറാണ് കേരളത്തിലേത്. ദുരന്തത്തിൽ പരിക്ക് പറ്റിയ ആളുകൾക്കുള്ള ചികിത്സാസഹായമായി അഞ്ചുലക്ഷം രൂപ മാത്രമാണ് മാറ്റിവെച്ചത്.
ശരത് ലാൽ-കൃപേഷ് കേസിലെ പ്രതികളായ ക്രിമിനലുകളെ സംരക്ഷിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് ചിലവഴിച്ചത് 122 ലക്ഷം രൂപയാണ്. പി.എസ്.സി അംഗങ്ങൾക്കും കോടിക്കണക്കിന് രൂപ ശമ്പളമായി കൊടുക്കുന്നു.
ഗുരുതരമായി അസുഖം ബാധിച്ചവർക്ക് ചികിത്സിക്കാനുള്ള പണം പോലും മാറ്റിവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.