വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട് കാണാതായവരുടെ ലിസ്റ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. വിശദപരിശോധനയ്ക്കായി പട്ടിക സംസ്ഥാനതല സമിതിക്ക് കൈമാറി. കാണാതായ 32 പേരുടെ പട്ടികയാണ് പ്രാദേശികതല സമിതി അംഗീകരിച്ചത്. പട്ടികയിലുള്ളവരെ മരിച്ചവരായി കണക്കാക്കുമെന്ന് സർക്കാർ കഴിഞ്ഞദിവസം അറിയിച്ചിട്ടുണ്ട്. രണ്ട് സമിതികളും മരിച്ചവർക്കുള ധനസഹായത്തിന് വേണ്ടി രൂപീകരിച്ചിട്ടുണ്ട്. ദുരന്തത്തിനിരയായവരുടെ 231 മൃതദേഹങ്ങളും 223 മൃതദേഹഭാഗങ്ങളുമടക്കം 454 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, വെള്ളരിമല വില്ലേജ് ഓഫീസർ, മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ചേർന്ന് തയ്യാറാക്കിയ പട്ടികയാണ് ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. സംസ്ഥാന സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും കാണാതായവരെ മരിച്ചവരായി കണക്കാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുക. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും കാണാതായവരുടെ ബന്ധുക്കൾക്കും നൽകുമെന്നും അറിയിച്ചു. ഇവരുടെ മരണം രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും സർക്കാർ ആരംഭിച്ചതായാണ് വിവരം. മരണസർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് വയനാട് ഉരുൾപൊട്ടൽ അതീതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. കേരളത്തിൻ്റെ നിരന്തരമായുള്ള അഭ്യർത്ഥനയ്ക്ക് പിന്നാലെയാണ് കേന്ദ്രം അംഗീകാരം നൽകിയത്. എന്നാൽ, കേരളത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിക്കുന്നതിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല. ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കേന്ദ്രത്തിൻ്റെ കത്തിൽ പറഞ്ഞിരുന്നു

Related Posts