പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പി.പി.ഇ കിറ്റ് അഴിമതി വിവാദത്തിൽ നിയമസഭയിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തി. 550 രൂപക്ക് കിറ്റ് നൽകിയ കമ്പനിയെ ഒഴിവാക്കിയതും 1550 രൂപക്ക് സാൻ ഫാർമയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചതും ഒരേ ദിവസമാണെന്ന് പ്രതിപക്ഷ നേതാവ് രേഖകളുടെ അടിസ്ഥാനത്തിൽ ചുണ്ടിക്കാട്ടി. മെഡിക്കൽ സർവിസസ് കോർപറേഷൻ ‘അനിത ടെക്സിക്കോട്ട്’ എന്ന കമ്പനിക്ക് 2020 മാർച്ച് 8 ന് 25000 പി.പി.ഇ കിറ്റുകൾ 550 രൂപക്ക് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ഇ-മെയിൽ അയച്ചു. അതേദിവസം വൈകീട്ട് 5.55 ന് ചർച്ച നടത്തിയപ്പോൾ ‘അനിത ടെക്സിക്കോട്ട് 550 രൂപ കുറക്കാൻ തയാറായില്ലെന്നും അതുകൊണ്ട് അവരിൽ നിന്നും പതിനായിരം കിറ്റ് മാത്രമേ വാങ്ങുന്നുള്ളുവെന്നും ഫയലിൽ രേഖപ്പെടുത്തി അതേദിവസം വൈകീട്ട് 7.48 ന് ‘സാൻ ഫാർമ’ എന്ന സ്ഥാപനത്തിന് മെഡിക്കൽ സർവീസസ് കോർപറേഷൻ മെയിൽ അയച്ച് 1550 രൂപ നിരക്കിൽ അവരുടെ പി.പി.ഇ കിറ്റ് വാങ്ങാൻ തയാറാണെന്ന് അറിയിച്ചു.


15000 കിറ്റുകൾ വാങ്ങാൻ അവർക്ക് മുഴുവൻ തുക മുൻകുറായി നൽകുകയും ചെയ്തു. 550 രൂപയിൽ നിന്ന് നിരക്ക് കുറക്കാൻ ഒരു കമ്പനി തയാറായില്ലെന്ന് പറഞ്ഞവരാണ് 1550 രൂപക്ക് മറ്റൊരു കമ്പനിയിൽ നിന്നും പി.പി.ഇ കിറ്റ് വാങ്ങിയതെന്ന് സതീശൻ പറഞ്ഞു. സി.എ.ജി റിപ്പോർട്ട് കോവിഡ് കാലത്ത് കൊള്ള നടത്തിയെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ്.26 സർക്കാർ ആശുപത്രികളിലാണ് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തത്. രാസമാറ്റം സംഭവിച്ച് ജീവഹാനിവരെ ഉണ്ടാക്കുന്ന മരുന്നുകളാണ് ഇത്തരത്തിൽ വിതരണം ചെയ്‌തത്. കാലാവധി കഴിഞ്ഞ മരുന്നുകൾ 20 ശതമാനം വിലക്ക് വാങ്ങി 80 ശതമാനം കമീഷനായി കൈപ്പറ്റി. 14 കമ്പനികളുടെ ഒരു മരുന്നുപോലും പരിശോധിച്ചിട്ടില്ല. എന്തൊരു കൊള്ളയാണ് കോവിഡ് സമീപകാലത്തൊന്നും കരകയറാൻ പറ്റാത്ത രുക്ഷമായ കടക്കെണിയിലേക്കാണ് സംസ്ഥാനം ആഴ്ന്നിറങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Posts