സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ ഇ പി രാജഗോപാലൻ്റെ “ഉൾക്കഥ” എന്ന പുസ്തകം സമാനതകൾ ഇല്ലാത്തതും അനുകരണ സാദ്ധ്യമല്ലാത്തതുമായ മൗലിക സർഗാത്മക നിരൂപണത്തിൻ്റെ തിളങ്ങുന്ന മാതൃകയാണെന്ന് പ്രശസ്ത എഴുത്തുകാരനായ ടി പി വേണുഗോപാലൻ പറഞ്ഞു. കേരള സമാജം ദൂരവാണി നഗർ സാഹിത്യ വിഭാഗം പ്രതിമാസ സാഹിത്യ സംവാദ പരിപാടിയുടെ ഭാഗമായി ഈ വർഷത്തെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ഈ പി രാജഗോപാലൻ മാഷിൻ്റെ ഉൾക്കഥയെ ആധാരമാക്കി ‘കഥകളുടെ മികവിൻ്റെ പൊരുൾ’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ടി പി വേണുഗോപാലൻ.

ഇരുട്ടു പരന്ന മനുഷ്യജീവിതത്തിൽ എത്രമാത്രം വെളിച്ചം പരത്താൻ കഴിയുന്നുണ്ട് എന്നതിനെ ആശ്രയിച്ചാണ് കഥകളുടെ മികവ് വിലയിരുത്തേണ്ടത്. കഥയിലെ ഏതെങ്കിലും പ്രത്യേക സന്ദർഭത്തെ മുൻനിർത്തി കഥാപാത്രങ്ങളിലേക്കും സാമൂഹ്യ പാഠങ്ങളിലേക്കും സാംസ്‌കാരിക വിശകലനത്തിലേക്കും അയത്ന ലളിതമായി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രീതിയാണ് പുസ്തകത്തിൽ ഉള്ളത്. ലോക സാഹിത്യത്തിലെ പ്രഖ്യാത സന്ദർഭങ്ങൾ മുതൽ സ്വന്തം ജീവിത പരിസരത്തിലെ നാട്ടു ശീലങ്ങൾ വരെ കഥകളുമായി കണ്ണിചേർത്ത് കൊണ്ടാണ് നിരൂപണം നടക്കുന്നത്. ഉൾക്കഥയിലെ ഓരോ ലേഖനവും അപൂർണ്ണതയിൽ അവസാനിപ്പിക്കുകയും ഓരോ വായനക്കാരനും അവൻ്റെ സാമൂഹ്യ പശ്ചാത്തലത്തിൽ പൂരിപ്പിക്കാൻ ഇടം നൽകുകയും ചെയ്യുന്നു എന്നതാണ് ഈ എഴുത്തുകളുടെ പ്രത്യേകത. സർഗാത്മകനിരൂപണം പൂർവാധികം ശക്തിയോടെ വളർന്നുവരുന്നു എന്ന് ഈ കൃതി വിളിച്ചോതുന്നു എന്നും വേണുഗോപാലൻ മാഷ് പറഞ്ഞു.

പരിപാടിയിൽ സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ചർച്ചയിൽ ബി എസ് ഉണ്ണികൃഷ്ണൻ, കെ ചന്ദ്രശേഖരൻ നായർ, ജി കെ കല, ഡോക്ടർ സുധ, വല്ലപ്പുഴ ചന്ദ്രശേഖരൻ, രഞ്ജിത്ത്, ശാന്തകുമാർ എലപ്പുള്ളി, വി കെ സുരേന്ദ്രൻ, എസ് നവീൻ, ഡോക്ടർ എം പി രാജൻ എന്നിവർ യഥാക്രമം ഇരുട്ടിൻ്റെ ആത്മാവ് (എം ടി വാസുദേവൻ നായർ), ഗാന്ധിജിയുടെ അന്ത്യം (തകഴി), വാർത്താ ശരീരം (സന്തോഷ് എച്ചിക്കാനം) വണ്ടി വേഷം( വൈശാഖൻ ) കടൽത്തീരത്ത് (ഒ വി വിജയൻ), മണിയോർഡർ (എം ഗോവിന്ദൻ), ഉതുപ്പാൻ്റെ കിണർ (കാരൂർ നീലകണ്ഠ പിള്ള), അയൽക്കാരി (പി കേശവദേവ്), ഒരു ഡിജിറ്റൽ സ്റ്റുഡിയോ (അശോകൻ ചരുവിൽ) എന്നീ കഥകളെ സംബന്ധിക്കുന്ന ഇ പി രാജഗോപാലൻ മാഷിൻ്റെ ഉൾക്കഥയിലെ നിരൂപണങ്ങളെ വിലയിരുത്തി സംസാരിച്ചു. സമാജം ജനറൽ സെക്രട്ടറി ഡെന്നിസ്പോൾ ആമുഖപ്രഭാഷണം നടത്തി. സമാജം വനിതാ വിഭാഗത്തിൻ്റെ സജീവ പ്രവർത്തകയായിരുന്ന സുമ മോഹൻ്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സാഹിത്യ വിഭാഗം കൺവീനർ സി കുഞ്ഞപ്പൻ മുഖ്യാതിഥി ടി പി വേണുഗോപാലൻ മാഷിനെ പരിചയപ്പെടുത്തി. ചെറുകഥക്കുള്ള ഒ വി വിജയൻ സാഹിത്യ പുരസ്കാരം നേടിയ ടി പി വേണുഗോപാലൻ മാഷിനെ യോഗം അഭിനന്ദിച്ചു. ജൂബിലി സ്കൂൾ സെക്രട്ടറി കെ ചന്ദ്രശേഖരക്കുറുപ്പ് വേണുഗോപാലൻ മാഷിന് പൂച്ചെണ്ടു നൽകി സ്വീകരിച്ചു. സമാജം ട്രഷറർ എം കെ ചന്ദ്രൻ, ജോയന്റ് സെക്രട്ടറി പി സി ജോണി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. റാണി ശശികുമാർ, രതി സുരേഷ് എന്നിവർ കവിതകൾ ആലപിച്ചു.

Related Posts