യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ 85 മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന് സുൽത്താൻ ബത്തേരിയിൽ ചേർന്ന കോൺഗ്രസ് ലീഡേഴ്സ് ക്യാമ്പിലെ വിലയിരുത്തൽ. നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനയോഗത്തിലാണ് ഈ വിജയസാധ്യത കണക്കു കൂട്ടിയത്. കോൺഗ്രസ് പ്രതീക്ഷിക്കുന്നത് കാസർഗോഡ് മൂന്ന് മണ്ഡലങ്ങളാണ്. കോഴിക്കോട് 8, കണ്ണൂർ 4, പാലക്കാട് 5, തൃശൂർ 6, ഇടുക്കി 4, ആലപ്പുഴ 4, കോട്ടയം 5, കൊല്ലം 6, തിരുവനന്തപുരം 4, എറണാകുളം 12 എന്നിങ്ങനെയാണ് പ്രതീക്ഷ. വയനാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ മുഴുവൻ സീറ്റുകളും നേടുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
മധ്യമേഖല എ.പി. അനിൽകുമാറിന്റെയും തെക്കൻ മേഖല പി.സി.വിഷ്ണുനാഥിന്റെയും വടക്കൻ മേഖല ഷാഫി പറമ്പിലിന്റെയും അധ്യക്ഷതയിലുമാണ് ചര്‍ച്ച നടക്കുന്നത്. തന്ത്രങ്ങൾ മെനയാൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും സുൽത്താൻ ബത്തേരിയിൽ എത്തിയിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർഥികളുടെ ജയസാധ്യത സംബന്ധിച്ച പഠനമടക്കം കനഗോലുവാണ് നടത്തുന്നത്.