തിരുവനന്തപുരത്ത് വാതിൽ കുത്തിത്തുറന്ന് 10 ലക്ഷത്തിന്‍റെ ആഭരണങ്ങൾ മോഷ്ടിച്ചു. ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ടിനുവിൻ്റെ കാലടി കുളത്തറ റോഡിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. ഡോക്ടറും കുടുംബവും നാട്ടിൽ പോയ തക്കം നോക്കി വീട്ടിൽ കയറി പത്തുലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്.

ക്രിസ്മസ് ദിനത്തിലായിരിക്കാം മോഷണം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്രിസ്‌മസ് അവധിയായതിനാൽ ഡോക്ടറും കുടുംബവും എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അന്ന് വൈകുന്നേരം വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ട അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മറ്റ് മുറികളിലെ അലമാരകളും കമ്പോർഡുകളും ഉൾപ്പടെ കുത്തിത്തുറന്നിട്ടുണ്ട്.

ഡോക്ട‌റുടെ വീടിന് സമീപത്തെ വീടിൻ്റെ മുൻവാതിലും കുത്തിത്തുറന്ന നിലയിലാണ്. ഈ വീട്ടിലെ ഉടമസ്ഥർ ചെന്നൈയിലാണ്. ഫോർട്ട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഫിംഗർ പ്രിന്റ്, ഡോഗ് സ്ക്വാഡ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Posts