കോവൈപുതൂരിനു സമീപം ബാലവിനായകര്‍ക്ഷേത്രത്തില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണമെടുത്തുകഴിഞ്ഞതും പെരുമഴ. തോരാന്‍ കാത്തുനില്‍ക്കുന്നതിനിടെ ഉറങ്ങിപ്പോയി. അങ്ങനെ കള്ളന്‍ കൈയോടെ പിടിയിലുമായി. കോയമ്പത്തൂര്‍ കോവൈപുതൂരിനുസമീപം ബാലവിനായകര്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയ പുതുച്ചേരി കാരയ്ക്കല്‍ സ്വദേശി ചിന്നയ്യനെയാണ് (42) പൂജാരിയും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്.

ചിന്നയ്യന്‍ കഴിഞ്ഞദിവസം രാത്രി ക്ഷേത്രം കുത്തിത്തുറന്ന് അകത്തുകടന്ന് ഭണ്ഡാരത്തിലെ 8,250 രൂപ കവര്‍ന്നെന്നും ആ സമയം മഴയായതിനാല്‍ അവിടെത്തന്നെ കിടന്നു. മദ്യപിച്ചിരുന്നതിനാല്‍ പെട്ടെന്ന് ഉറങ്ങിപ്പോയെന്നും പോലീസ് പറഞ്ഞു. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി ക്ഷേത്രവാതില്‍ തുറന്നുകിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് ഭണ്ഡാരം തുറന്നുകിടക്കുന്നതായും സമീപത്ത് ചിന്നയ്യന്‍ ഉറങ്ങുന്നതായും കണ്ടത്. ഇതോടെ ക്ഷേത്രം അധികൃതരെയും നാട്ടുകാരെയും വിവരമറിയിച്ചു. അവരെത്തി ചോദ്യംചെയ്തപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന്, കുനിയംമുത്തൂര്‍ പോലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തു.

Related Posts