പ്രത്യേക പരിഗണനയോ പവിത്രതയോ സിനിമാ സെറ്റിന് ഇല്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. എവിടെയാണെങ്കിലും ലഹരി സംബന്ധിച്ച് വിവരം ലഭിച്ചാൽ പരിശോധനകൾ നടത്തും. അതിൽ ആരെയും ഒഴിച്ചുനിർത്തില്ല. സർക്കാർ ഇതു സംബന്ധിച്ച് ഏതു വിവരവും വളരെ ഗൗരവത്തോടെ കാണുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

വാട്സ്ആപ്പ് നമ്പർ ലഹരി വിവരം അറിയിക്കാൻ എക്സൈസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസും നമ്പർ നൽകിയിട്ടുണ്ട്. സർക്കാർ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത് എന്നതിന് തെളിവാണ് ഇത്തരം വിവരങ്ങൾ ധാരാളം ലഭിക്കുന്നത്. 14000ത്തിലധികം റെയ്ഡാണ് മാർച്ചിൽ മാത്രം സംയുക്തമായി നടത്തിയിട്ടുള്ളത്.

അത്തരം വിവരങ്ങൾ ജനങ്ങളിൽ നിന്നും കിട്ടുന്നതു കൊണ്ടാണ് റെയ്ഡ് നടത്താൻ കഴിയുന്നത്. എളുപ്പമല്ലാത്ത കേസുകൾ പോലും പിടിക്കാനാകുന്നതും ഇത്തരം വിവരങ്ങൾ എവിടെ നിന്നു ലഭിച്ചാലും ഗൗരവത്തോടെ കാണും, ഉദാസീനത ഉണ്ടാകില്ല. എവിടെയാണെങ്കിലും പരിശോധനയുണ്ടാകും. സിനിമാ സെറ്റിൽ ലഹരി ഉപയോഗിക്കുന്നു എന്ന് വിശ്വസനീയമായ വിവരം ലഭിച്ചാൽ അവിടെയും പരിശോധിക്കും. അതൊന്നും പവിത്രമായ സ്ഥലമല്ലെന്നും മന്ത്രി കുട്ടിച്ചേർത്തു.

മാർച്ചിൽ ഒരു ലക്ഷത്തി പതിനേഴായിരം വാഹനപരിശോധന നടന്നു. ഓപറേഷൻ ക്ലീൻ സ്ലേറ്റ് എന്ന പേരിൽ എക്സൈസ് പരിശോധന നടത്തുന്നുണ്ട്. പൊലീസും ഓപറേഷൻ ഡി ഹണ്ട് എന്ന പേരിൽ ലഹരിവേട്ട നടത്തുന്നു. സംയുക്തമായും പരിശോധനനടത്തുന്നുണ്ട്. അതിൻ്റെ മാറ്റം കാണാൻ സാധിക്കുമെന്നും മന്ത്രി രാജേഷ് കുട്ടിച്ചേർത്തു.

Related Posts