ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിക്കിടെയുണ്ടായ തർക്കത്തിൽ താമരശ്ശേരിയിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച ഷഹബാസ്.

എളേറ്റിൽ വട്ടോളി എംജെ ​ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിൻ്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപടിയുമായി ബന്ധപ്പെട്ട തർക്കമാണ് സം​ഘർഷത്തിനു കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെൻ്റെറിലെ പരിപാടി. ഇതിൻ്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ചത്തെ ഏറ്റുമുട്ടൽ. സംഭവത്തിൽ 5 വിദ്യാർഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു.

പ്രായപൂർത്തിയാവാത്തതിനാൽ തുടർനടപടിയുടെ ഭാഗമായി ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കുകയും ശനിയാഴ്ച രാവിലെ 11-ന് ഹാജരാവാൻ നിർദേശിച്ച് രക്ഷിതാക്കൾക്കൊപ്പം ജാമ്യത്തിൽ വിടുകയുമായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ താമരശ്ശേരി- വെഴുപ്പൂർ റോഡിലെ ചയക്കടയ്ക്കു സമീപത്തായിരുന്നു സംഘർഷം തുടങ്ങിയത്. തമ്മിൽത്തല്ലിയ വിദ്യാർഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെ നിന്നു പിന്തിരിപ്പിച്ച് ഓടിച്ചത്.

സംഘർഷത്തിനിടെ മുഹമ്മദ് ഷഹബാസിനു മർദ്ദനമേറ്റ് തലയ്ക്കു പരിക്കേൽക്കുകയായിരുന്നു. നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോ​ഗിച്ചായിരുന്നു മർദ്ദനമെന്നു വിദ്യാർഥികൾ പൊലീസിനെ അറിയിച്ചത്. അതേസമയം താമരശ്ശേരിയിലെ വിദ്യാർഥികളെ കൂടാതെ പുറമേ നിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിൻ്റെ ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി.

തലയ്ക്കു ക്ഷതമേറ്റെങ്കിലും പുറമേ കാര്യമായ മുറിവോ മറ്റോ ഇല്ലാത്തതിനാൽ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ ഏതാനും സുഹൃത്തുക്കൾ ചേർന്നു വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തി അൽപ്പം കഴിഞ്ഞപ്പോൾ ഷഹബാസ് ഛർദിക്കുകയും തളരുകയും ചെയ്തു. ആരെങ്കിലും ലഹരി വസ്തുക്കൾ നൽകിയതാണോയെന്ന സംശയം തോന്നി വീട്ടുകാർ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോഴാണ് സംഘർഷത്തെപ്പറ്റി അറിഞ്ഞത്.

പിന്നാലെ വീട്ടുകാർ ഷഹബാസിനെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ​ഗവ. താലൂക്കാശുപത്രിയിൽ എത്തിച്ചു. നില ​ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളജ് അതിതീവ്ര പരിചരണ വിഭാ​ഗത്തിലേക്ക് മാറ്റുകയായിരുന്നു. ഷഹബാസിൻ്റെ തലച്ചോറിൽ ആന്തരിക രക്തസ്രാവവും ചെവിക്കു സമീപം എല്ലിനു പൊട്ടലുമുണ്ടായിരുന്നു. ഒരു ദിവസത്തിലേറെ ആശുപത്രിയിൽ വെൻ്റിലറ്റേറിൽ കഴിഞ്ഞ വിദ്യാർഥി പുലർച്ചെയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ ഞെട്ടിക്കുന്ന ഇൻസ്റ്റാഗ്രാം ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഇതിൽ ‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കുമെന്നും കൂട്ടത്തല്ലിൽ മരിച്ചാൽ പോലീസ് പിടിക്കില്ലെന്നുമാണ് പറയുന്നത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷൻ സെൻ്ററിനടുത്ത് എത്താനുള്ള നിർദേശവുമുണ്ട്. ആക്രമണത്തിന് പിന്നാലെ ഷഹബാസിനെ ആക്രമിച്ച കുട്ടിയുടെ ക്ഷമചോദിച്ചുള്ള വാട്സാപ്പ് ശബ്ദസന്ദേശവും ഷഹബാസിൻ്റെ ഫോണിലേക്ക് വന്നിരുന്നു. സംഭവത്തിൽ പൊരുത്തപ്പെടണമെന്നും ഇതിൽ ആവശ്യപ്പെടുന്നു.

ആക്രമണം ആയുധം ഉപയോഗിച്ചാണെന്നാണ് മാതാവ് റംസീനയും പറയുന്നത്. സംഭവത്തിൽ കർശന നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഏറെ ദു:ഖമുണ്ടാക്കുന്ന സംഭവം എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.

Related Posts