എട്ടാം ക്ലാസുകാരന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. കോഴിക്കോട് മടവൂർ ചക്കാലക്കൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ഒമ്പതാം ക്ലാസുകാരായ 15 വിദ്യാർത്ഥികൾ ചേർന്നാണ് ക്രൂരമായി മർദ്ദിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ കൂട്ടികൊണ്ടുപോയി സ്‌കൂളിന് സമീപമുള്ള സ്ഥലങ്ങളിൽ വച്ചാണ് മർദ്ദിച്ചത്. സ്‌കൂൾ ബസിൽ കയറി വീട്ടിലേക്ക് പോകാനും വിദ്യാർത്ഥികൾ അനുവദിച്ചില്ല.
ഒടുവിൽ വീട്ടിൽ എത്തിയ കുട്ടിയുടെ മൂക്കിൽ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സതേടുകയുമായിരുന്നു. പുതിയ ചെരിപ്പിട്ടതും മുടിവെട്ടിയതുമൊക്കെ ചോദ്യം ചെയ്‌താണ് വിദ്യാർത്ഥികൾ മർദിച്ചതെന്നാണ് കുട്ടിയുടെ മൊഴി. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ തുടർചികിത്സക്കായി ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.