ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡണ്ടുമായ എൻ. വാസുവിൻ്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് കാലാവധി നീട്ടുന്നതിനായി പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.നേരത്തെ ഒരുതവണ ഇദ്ദേഹത്തിന്റെ റിമാൻഡ് നീട്ടിയിരുന്നു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയായ വാസു നൽകിയ ജാമ്യാപേക്ഷ ഡിസംബർ 3-ന് കോടതി തള്ളിയിരുന്നു.
2019-ൽ ദേവസ്വം കമ്മീഷണറായിരിക്കെ, വാസുവിൻ്റെ ശുപാർശ പ്രകാരമാണ് കട്ടിളപ്പാളിയിലെ സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയത് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. താൻ വിരമിച്ച ശേഷമാണ് പാളികൾ കൈമാറിയതെന്നും കുറ്റക്കാരനല്ലെന്നുമാണ് അദ്ദേഹത്തിൻ്റെ വാദം. മുരാരി ബാബുവിൻ്റെ കത്ത് ഉചിതമായ തീരുമാനത്തിനായി ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും, അത് ശുപാർശയല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം നിഷേധിച്ചു.