ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് താരമായ 27-കാരൻ യാഷ് ദയാൽ വിവാഹ വാഗ്‌ദാനം നൽകി ചൂഷണം ചെയ്‌തുവെന്ന പരാതിയുമായി യുവതി. മുഖ്യമന്ത്രിയുടെ ഓൺലൈൻ പരാതി പരിഹാര പോർട്ടലായ ഐജിആർഎസിലാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ യുവതി പരാതി നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസിനോട് പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 21 വരെ ഐജിആർഎസിൽ സമർപ്പിച്ച പരാതി പരിഹരിക്കാൻ പോലീസിന് സമയം നൽകിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. വനിതാ ഹെൽപ്പ് ലൈനിൽ പെൺകുട്ടി 2025 ജൂൺ 14-ന് പരാതി നൽകിയിരുന്നു.

അഞ്ചു വർഷത്തോളമായിയാഷ് ദയാലുമായി അടുത്ത ബന്ധമുണ്ടെന്നും തന്നെ അയാൾ ശാരീരികമായും മാനസികമായും ചൂഷണം ചെയ്തെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇയാൾ വിവിധ ആവശ്യങ്ങൾ പറഞ്ഞ് പലപ്പോഴായ പണം വാങ്ങിയിട്ടുണ്ടെന്നും നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു. തെളിവായി ഇക്കാര്യങ്ങൾ സാധൂകരിക്കുന്ന ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ, വിഡിയോ കോൾ രേഖകൾ, ഫോട്ടോകൾ എന്നിവ തൻ്റെ പക്കലുണ്ടെന്നും പരാതിയിലുണ്ട്.

കുടുംബത്തിന് തന്നെ മരുമകളെന്ന് പറഞ്ഞാണ് യാഷ് ദയാൽ പരിചയപ്പെടുത്തിയത്. ഭർത്താവിനെ പോലെയായിരുന്നു പെരുമാറ്റം. താൻ അങ്ങനെയാണ് അദ്ദേഹത്തെ വിശ്വസിച്ചത്. കബളിപ്പിക്കുകയാണെന്ന് മനസിലാക്കി പ്രതികരിച്ചപ്പോൾ യാഷ് ദയാൽ മർദിച്ചതായും പരാതിയിലുണ്ട്. ശാരീരികവും മാനസികവുമായി തന്നെ ദയാൽ പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. ദയാലിന് താനുമായി ബന്ധത്തിലായിരുന്ന സമയത്ത് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു.

വനിതകളുടെ ഹെൽപ് ലൈൻ നമ്പറായ 181-ൽ വിളിച്ച് 2025 ജൂൺ 14-ന് പരാതിപറഞ്ഞിരുന്നു. ആ പരാതി പക്ഷേ മുന്നോട്ടുപോയില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇതോടെയാണ് ബന്ധപ്പെടാൻ യുവതി തീരുമാനിച്ചത്. ഐപിഎൽ കിരീടം ഇത്തവണ നേടിയ ആർസിബിക്കായി 15 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരമാണ് യാഷ് ദയാൽ.

Related Posts