ഉത്തർപ്രദേശിലെ മീററ്റിൽ മീററ്റ് മെട്രോയും നമോ ഭാരത് സർവീസുകളും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മെട്രോ സർവീസായ ‘മീററ്റ് മെട്രോയും’ ഡൽഹി-മീററ്റ് നമോ ഭാരത് ആർആർടിഎസ് ഇടനാഴിയുടെ പൂർണരൂപവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിലുള്ള ശതാബ്ദി നഗർ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തത്.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള നമോ ഭാരത്, ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമാണ്. 82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മീററ്റ് പാത പൂർണമായും പ്രവർത്തനസജ്ജമായതോടെ, ഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള യാത്രാസമയം ഒരു മണിക്കൂറിൽ താഴെയായി കുറയും.
രാജ്യത്തെ ഏറ്റവും വേഗമേറിയ മെട്രോയാണിത്. മണിക്കൂറിൽ 120 കിലോമീറ്ററാണ് ഇതിന്റെ വേഗത. മീററ്റ് സൗത്ത് മുതൽ മോദിപുരം വരെയുള്ള 21 കിലോമീറ്റർ ദൂരം വെറും 30 മിനിറ്റിനുള്ളിൽ മെട്രോ പിന്നിടും. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി മീററ്റ് സൗത്ത് സ്റ്റേഷൻ വരെ മെട്രോയിൽ യാത്ര ചെയ്യുകയും ചെയ്തു. ഏകദേശം 12,930 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇതോടൊപ്പം തുടക്കം കുറിച്ചത്.