അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെയും ഐ.എസ്.ആർ.ഒയുടെയും സം യുക്ത ദൗത്യമായ ‘നിസാർ’ (നാസ- ഐ.എസ്.ആർ.ഒ സിന്തറ്റിക് അപ്പർച്ചർ റഡാർ) ഭൗമ നിരീക്ഷണ ഉപ ഗ്രഹം വിക്ഷേപിച്ചു. വൈകീട്ട് 5.40ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയിൽ നിന്ന് ജി.എസ്.എൽ.വി എഫ്-16 റോക്കറ്റിലേറിയാണ് നിസാർ കുതിച്ചുയർന്നത്. ഭൂമിയിൽ നിന്ന് 743 കിലോമീറ്റർ അകലെ സൗര-സ്ഥിര ഭ്രമണപഥത്തിൽ സഞ്ചരിച്ച് ഭുമിയുടെ ഉപരിതലത്തിലെ ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിൻ്റെ ദൗത്യം.

ഭൂമിയിലെ ഓരോ പ്രദേശത്തിൻ്റെയും വ്യക്തമായ വിവരങ്ങൾ 12 ദിവസത്തെ ഇടവേളയിൽ ഉപഗ്രഹം ശേഖരിക്കും. ഈ വിവരങ്ങൾ എൻ.ആർ.എസ്.സിയുടെയും (നാഷനൽ റിമോട്ട് സെൻസറിങ് സെന്റർ) നാസയുടെയും വെബ്സൈറ്റുകൾ വഴി പൊതുജനങ്ങൾക്ക് സൗജന്യമായി ലഭിക്കും. ഐ.എസ്.ആർ.ഒയും നാസയും വികസിപ്പിച്ച 2 വ്യത്യസ്‌ത ആവൃത്തികളിൽ പ്രവർത്തിക്കുന്ന ഓരോ റഡാറുകളാണ് 2,392 കിലോഗ്രാം ഭാരമുള്ള നിസാറിൻ്റെ സവിശേഷത. പ്രകൃതിദുരന്ത സാധ്യതകൾ കണ്ടെത്താനും കാരണങ്ങൾ വിലയിരുത്താനുമുള്ള വിവരങ്ങൾ ലഭിക്കും. രണ്ടോ മൂന്നോ ദിവസത്തിനകം നിരീക്ഷണ വിവരങ്ങൾ സൗജന്യമായി ലഭ്യമാകും.

മൂന്ന് സഞ്ചാരികളെ ബഹിരാകാശ പേടകത്തിൽ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിൻ്റെ പ്രധാന വിക്ഷേപണങ്ങളിലൊന്ന് ഈ വർഷം ഡിസംബറിൽ നടത്തുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചിട്ടുണ്ട്. ക്രൂ മൊഡ്യൂൾ ‘വ്യോംമിത്ര’ എന്ന ആളില്ലാത്ത റോബോട്ടിനെയും വഹിച്ചാവും ഭ്രമണപഥത്തിലെത്തിക്കുക. തുടർന്ന് 2 ആളില്ലാ വിക്ഷേപണങ്ങൾ കൂടി നടത്തിയ ശേഷം 2027 മാർച്ചിലായിരിക്കും മനുഷ്യരെയും വഹിച്ചു കൊണ്ടുള്ള ബഹിരാകാശയാത്ര.

Related Posts