പി സി ജോര്‍ജിനെതിരെ ലൗ ജിഹാദ് പരാമര്‍ശത്തില്‍ യൂത്ത് കോൺഗ്രസ് പരാതി നല്‍കി. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പി സി ജോര്‍ജ് നടത്തുന്നത് കള്ള പ്രചാരണമാണെന്നും പരാതിയില്‍ പറയുന്നു.

മനഃപൂര്‍വമുള്ള കലാപത്തിനുള്ള ആഹ്വാനമാണെന്നും ഒരു മത വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും പരാതിയില്‍ പറയുന്നു. മനഃപൂര്‍വമുള്ള കലാപ ആഹ്വാനം, മതസ്പര്‍ധ വളര്‍ത്തല്‍, മനഃപൂര്‍വ കള്ളം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

കെസിബിസിയുടെ ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പി സി ജോര്‍ജിൻ്റെ വിവാദ പ്രസംഗം. മീനച്ചല്‍ താലൂക്കില്‍ മാത്രം 400 ഓളം പെണ്‍കുട്ടികളെയാണ് ലൗ ജിഹാദിലൂടെ നമുക്ക് നഷ്ടമായത്. 41 എണ്ണത്തെ മാത്രമാണ് തിരിച്ചു കിട്ടിയത്. ഇതിൻ്റെ വേദനിക്കുന്ന അനുഭവങ്ങള്‍ തനിക്കറിയാമെന്നും പി സി ജോര്‍ജ് പറഞ്ഞു.

Related Posts