റുബീന പർവിൻ എന്ന യുവതിയുടെ കുഞ്ഞിനെയാണ് സംസ്കാര ചടങ്ങുകൾക്കായി തയാറെടുക്കുന്നതിനിടെ ജീവനുള്ളതായി കണ്ടെത്തിയത്. റുബീനയെ ബുധനാഴ്ച വൈകുന്നേരമാണ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൊൽക്കത്തയിലെ സ്വരൂപ്നഗറിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രാവിലെ റുബീന ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. എന്നാൽ പ്രസവത്തിന് പിന്നാലെ കുട്ടി മരിച്ചുവെന്ന് നഴ്സിംഗ് ഹോം അധികൃതർ കുടുംബത്തെ അറിയിച്ചു. 400 രൂപ കൈപ്പറ്റിയ ശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് അധികൃതർ ബന്ധുക്കൾക്ക് കൈമാറി. കുഞ്ഞിന്റെ മുഖം പോലും പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കൊട്ടിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
കുട്ടി മരിച്ചെന്ന് കരുതി വീട്ടിലെത്തിച്ച് 5 മണിക്കൂറുകൾക്ക് ശേഷം, വൈകുന്നേരം 3 മണിയോടെ സംസ്കാര ചടങ്ങുകൾക്കായി കുഞ്ഞിനെ പൊതിയഴിച്ച് പുറത്തെടുത്തപ്പോഴാണ് ജീവനോടെ കണ്ടത്.
കൈകളും കാലുകളും അനക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നഴ്സിംഗ് ഹോം അധികൃതർക്കെതിരെ കുഞ്ഞിന്റെ കുടുംബം പോലീസിൽ പരാതിപ്പെട്ടു.