വിദേശത്ത് നടക്കുന്ന സംഗീത പരിപാടികളിൽ പങ്കെടുക്കാനായി ഇളവ് വേണമെന്നാവശ്യപ്പെട്ട് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളിൽ ചിലത് ഒഴിവാക്കണമെന്നാണ് വേടൻ്റെ ആവശ്യം. ഇക്കാര്യത്തിൽ ജസ്റ്റിസ് സി. പ്രതീപ് കുമാർ സർക്കാരിൽനിന്നു വിശദീകരണം തേടി. ഈ മാസം 25ന് കൊളംബോ, നവംബർ 11ന് ദുബായ്, നവംബർ 28ന് ഖത്തർ, ഡിസംബർ 13ന് ഫ്രാൻസ്, ഡിസംബർ 20ന് ജർമനി എന്നിവിടങ്ങളിലാണ് തൻ്റെ സംഗീത പരിപാടികൾ എന്ന് ഹർജിയിൽ പറയുന്നു.
എന്നാൽ കോടതിയുടെ ഉത്തരവോടു കൂടി മാത്രമേ കേരളത്തിനു പുറത്തേക്കു പോകാൻ പാടുള്ളൂ എന്നാണ് ജാമ്യവ്യവസ്ഥയിലുള്ളത്. ഇതിനൊപ്പം എല്ലാ ഞായറാഴ്‌ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ഇത്തരത്തിലുള്ള വ്യവസ്ഥയിലൂടെ, സ്റ്റേജ് ഷോകൾ നടത്തുന്ന തനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. ഈ രണ്ടു വ്യവസ്ഥകളും റദ്ദാക്കിയാലും കേ സിന്റെ അന്വേഷണത്തെ അത് ഒരു വിധത്തിലും ബാധിക്കില്ലെന്നും ഹർജിയിൽ പറയുന്നു. ജാമ്യവ്യവസ്ഥയിൽ ഇളവു തേടി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.