പ്രധാനമന്ത്രിയുടെ വസതിയിൽ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ നിർണായക യോഗങ്ങൾ നടക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അടക്കമുള്ളവർ യോഗങ്ങൾക്കായി പ്രധാനമന്ത്രിയുടെ 7- ലോക് കല്യാൺ മാർഗിലുള്ള വസതിയിലെത്തി. കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സുരക്ഷകാര്യ മന്ത്രിസഭാ സമിതി യോഗവും ഇന്ന് ചേരും.

രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് പ്രധാനമന്ത്രി മോദി അധ്യക്ഷത വഹിക്കും. തുടർന്ന് മന്ത്രിസഭാ സാമ്പത്തിക കാര്യ സമതിയുടെയും യോഗം ചേരും. ശേഷം മന്ത്രിസഭാ യോഗവും ചേരും. കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാർ ഉൾപ്പെടുന്ന സൂപ്പർ കാബിനറ്റ് എന്നറിയപ്പെടുന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി യോഗം ഇതിൽ പ്രധാനമാണ്.

2019 ലാണ് പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് സൂപ്പർ കാബിനറ്റ് അവസാനമായി ചേർന്നത്. അന്ന് ഇന്ത്യ പ്രതികരിച്ചിരുന്നത് ബാലാകോട്ട് വ്യോമാക്രമണത്തിലൂടെയാണ്. പാകിസ്താന് പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണസ്വാതന്ത്ര്യം നൽകാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തിരുന്നു.

സേനാമേധാവികളടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയോഗം ദേശീയ പ്രാധാന്യമുള്ള പ്രധാന രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങൾ അവലോകനം ചെയ്യുന്നതിലും തീരുമാനമെടുക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ട്.

രാഷ്ട്രീയകാര്യ സമിതി യോഗം 2019-ൽ ചേർന്നതിന് ശേഷമാണ് ബാലക്കോട്ടിൽ ഇന്ത്യൻ സൈന്യം വ്യോമാക്രമണം നടത്തിയത്. ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമ്മല സീതാരാമൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി എന്നിവരാണ് രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയിലെ നിലവിലെ അംഗങ്ങൾ

കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങൾ വിലക്കുന്നതും പാക് വിമാനങ്ങൾക്ക് വ്യോമപാത തടയുന്നതും ഉൾപ്പെടെയുള്ള തീരുമാനങ്ങളും പ്രധാനമന്ത്രിയുടെ വസതിയിൽ ചേരുന്ന യോഗങ്ങളിലുണ്ടാകുമെന്നാണ് വിവരം. ഇതുവരെ കൈക്കൊണ്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിൽ വിശദീകരിക്കും.

Related Posts