നിറം കുറവ്, ഇംഗ്ലീഷ് അറിയില്ല, ഭർത്താവിൻ്റെ നിരന്തരമുള്ള മാനസികപീഡനം, മലപ്പുറത്ത് നവവധു ജീവനൊടുക്കി
മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയെ നിറത്തിൻ്റെ പേരിൽ ഭർത്താവ് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിൻ്റെയും ഷമീനയുടെയും മകളും മൊറയൂർ പൂന്തലപ്പറമ്പ് അബ്ദുൽ വാഹിദിൻ്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഷഹാനയെ കണ്ടെത്തുകയായിരുന്നു. ബിരുദ വിദ്യാർഥിനിയാണ് മരണപ്പെട്ട ഷഹാന. 2024 മെയ് 27ന് ആയിരുന്നു ഷഹാനയുടെ വിവാഹം കഴിഞ്ഞത്. നിറത്തിൻ്റെ പേരിൽ ഷഹാനയെ ഭർത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഷഹാനയുടെ ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിനും കുടുംബത്തിനുമെതിരെയാണ് ആരോപണം.
വിവാഹം കഴിഞ്ഞ് 20 ദിവസങ്ങൾക്ക് ശേഷം അബ്ദുൽ വാഹിദ് വിദേശത്ത് ജോലിക്കായി പോയിരുന്നു. വിദേശത്ത് എത്തിയ ശേഷം യുവതിയ്ക്ക് നിറം കുറവാണെന്ന പേരിൽ ഇയാൾ നിരന്തരം അവഹേളിക്കുകയും ഇംഗ്ലീഷ് അറിയില്ലാത്തതു കൊണ്ട് വിവാഹബന്ധം വേർപെടുത്താൻ നിർബന്ധിക്കുകയും ചെയ്തെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ചെറിയ പ്രായത്തിൽ തന്നെ വിവാഹമോചിതയായി നിൽക്കേണ്ടി വരുമെന്നതിൻ്റെ വിഷമം പലതവണ ഷഹാന വീട്ടുകാരുമായി പങ്കുവച്ചിരുന്നു. കുറച്ചു ദിവസങ്ങളായി ഷഹാന വലിയ മാനസിക സംഘർഷത്തിലായിരുന്നുവെന്നും കൗൺസിലിങ് നൽകിയിരുന്നുവെന്നും വീട്ടുകാർ പറയുന്നു. കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകി. ഷഹാനയുടെ അച്ഛൻ വിദേശത്താണ്.