മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നബീസയുടെ പേരക്കുട്ടി കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ വീട്ടിൽ ബഷീർ (33), ഭാര്യ കണ്ടമംഗലം സ്വദേശി ഫസീല (27) എന്നിവർ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തി. കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടിൽ മമ്മിയുടെ ഭാര്യ നബീസയെ (71) വിഷം നോമ്പുകഞ്ഞിയിൽ കലർത്തി കൊലപ്പെടുത്തിയതാണ് കേസ്. കേസിൽ ഒന്നാം പ്രതി ബഷീർ ഉം രണ്ടാം പ്രതി ഫസീലയുമാണ്. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപ പിഴയും പ്രതികൾക്ക് കോടതി ചുമത്തി. തെളിവ് നശിപ്പിച്ചതിന് ബഷീറിന് ഏഴുവർഷം തടവും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ ഏകദേശം 35 ഓളം സാക്ഷികളെ വിസ്‌തരിച്ചിരുന്നു. നേരിട്ടുള്ള തെളിവുകൾ ഇല്ലാതെ സാഹചര്യ തെളിവുകൾ കൊണ്ടുമാത്രമാണ് കേസ് ഇതുവരെ മുന്നോട്ട് പോയത്. കേസിൽ ദൃക്സാക്ഷികൾ ആരുമുണ്ടായിരുന്നില്ല. ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷനെ സഹായിച്ചത്.
ആത്മഹത്യയാണെന്ന വാദമാണ് കേസിൽ പ്രധാനമായും ഉയർന്നത്. എന്നാൽ സ്വയം വിഷം കഴിച്ചതല്ലെന്നും വിഷം കുടിപ്പിച്ചതാണെന്നും കോടതിക്ക് ബോദ്ധ്യമായെന്നും അദ്ദേഹം വ്യക്തമാക്കി. 2016 ജൂൺ 24 ന് ആര്യമ്പാവ്- ഒറ്റപ്പാലം റോഡിൽ നായാടിപ്പാറയ്ക്ക് സമീപത്തെ റോഡരികിൽ നബീസയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് നാലുദിവസം മുമ്പ് നബീസയെ, ബഷീർ മണ്ണാർക്കാട് നമ്പ്യയൻകുന്നിലുള്ള തൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. 22ന് രാത്രി പീരക്കറിയിൽ ചിതലിനുള്ള മരുന്നു ചേർത്ത് നബീസക്ക് നൽകി. ഇതു കഴിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മനസിലാക്കിയതോടെ രാത്രി ബലം പ്രയോഗിച്ച് വായിലേക്ക് വിഷമുള്ള കുഞ്ഞി കുടിപ്പിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചശേഷം ഒരുദിവസം മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. തുടർന്ന് 24ന് രാത്രി ബഷീറും ഫസീലയും തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് സഹിതം മൃതദേഹം ആര്യമ്പാവിലെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. 2018 ൽ കല്ലേക്കാട് ബ്ലോക്ക് ഓഫിസിനു സമീപത്തെ ഫ്ലാറ്റിൽനിന്നു സ്വർണം കവർന്ന കേസിലും ഫസീല പ്രതിയാണ്. തൃപ്പൂണിത്തുറയിൽ പർദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവർന്ന കേസിലും ഫസീല പ്രതിയാണ്. നേരത്തെ ഭർത്താവിൻ്റെ പിതാവ് മുഹമ്മദിന് രണ്ടു വർഷത്തോളം വിഷപദാർഥം ചെറിയ അളവിൽ നൽകി കൊലപ്പെടുത്താൻ ഫസീല ശ്രമിച്ചിരുന്നു. ഈ കേസിൽ ഇവർ ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഭർത്താവിൻ്റെ മാതാവിൻ്റെ മരണത്തിലും ഫസീലയ്ക്ക് പങ്കുണ്ടെന്നും ഇക്കാര്യത്തിലും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.