കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന കോടതി വിധിയിൽ പ്രതികരണവുമായി അയാളുടെ മാതാവ് മാലതി റോയ്. കഴിഞ്ഞ ദിവസമാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കൊൽക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്‌ച വിധിക്കാനിരിക്കെയാണ് പ്രതിയുടെ മാതാവ് മാലതി റോയിയുടെ പ്രതികരണം. സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് അയാളുടെ സഹോദരി സബിതയും പറഞ്ഞു. സഞ്ജയ് റോയ് പോലീസിൻ്റെ പിടിയിലായതിന് ശേഷം ഒരിക്കൽ പോലും മാതാവോ സഹോദരിയോ അയാളെ കാണാൻ ജയിലിൽ പോയിട്ടില്ല. മൂന്ന് പെൺമക്കളുടെ മാതാവായ തനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാകുമെന്ന് മാലതി റോയ് പറഞ്ഞു. “എനിക്ക് മൂന്ന് പെൺമക്കളാണ്. എനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദന മനസ്സിലാകും. അവൻ അർഹിക്കുന്ന ശിക്ഷ എന്തു തന്നെയാണെങ്കിലും അത് ഏറ്റുവാങ്ങട്ടെ. തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും”- മാലതി റോയി പറയുന്നു. സഹോദരൻ അറസ്റ്റിലായതിന് ശേഷം വീടിന് പുറത്തിറങ്ങാൻ ഭയമായി. ആഴ്‌ചയിൽ ഒരിക്കൽ ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നു. അതും ഞങ്ങൾക്ക് നിർത്തേണ്ടി വന്നു. തൻ്റെ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് പോലും പഴികേൾക്കേണ്ടി വന്നു. ഒരാൾ ചെയ്‌ത കുറ്റത്തിന് ഞങ്ങൾ എല്ലാവരും പഴിവാങ്ങുകയാണ്. ആളുകൾ വളരെ മോശമായാണ് ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നത്. .ഈ കൊലപാതകം സഞ്ജയ് റോയ് ഒറ്റയ്ക്ക് ചെയ്തുവെന്നത് വിശ്വസിക്കാനാകുന്നില്ല എന്നും അയാൾക്ക് കൂട്ടാളികൾ ഉണ്ടായിരുന്നിരിക്കാമെന്നും സഹോദരി പറയുന്നു. നിർഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ്റെ വാദിച്ചത്.. അതിക്രൂരമായ ഈ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വർഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്ന് വിധി വിശദീകരിച്ചുകൊണ്ട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജി പറഞ്ഞു.

Related Posts