കേരളത്തിന് ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്നു കേന്ദ്ര സർക്കാർ അറിയിച്ചുവെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജിആർ അനിൽ. ഓണ വിപണിയിൽ അരി വില പിടിച്ചു നിർത്താൻ വേണ്ട ഇടപെടൽ നടത്തും. സംസ്ഥാനത്തു തിരിച്ചെത്തിയ ശേഷം തീരുമാനമുണ്ടാകുമെന്നും ഡൽഹിയിലുള്ള മന്ത്രി വ്യക്തമാക്കി.
കാർഡ് ഒന്നിന് 5 കിലോ അരി നൽകണമെന്നാണ് കേരളം കേന്ദ്രത്തോടു ആവശ്യപ്പെട്ടത്. സാധാരണയിൽ നിന്നു വ്യത്യസ്തമായി കേരളത്തെ സഹായിക്കാൻ കഴിയില്ലെന്നാണു കേന്ദ്രം മറുപടി നൽകിയതെന്നും മന്ത്രി. നിർത്തിവച്ച ഗോതമ്പ് നൽകില്ല.
വിട്ടുകിട്ടാനുള്ള മണ്ണെണ്ണ ഉടൻ വിട്ടുനൽകുമെന്നു ഇന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. 3 മാസത്തേക്ക് 5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചത്. അതെടുക്കാനുള്ള സമയം ജൂൺ 30 വരെയായിരുന്നു. ഇത് സെപ്റ്റംബർ 30 വരെ നീട്ടണമെന്നു കേന്ദ്രത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര മന്ത്രി ഉറപ്പു നൽകിയതായി മന്ത്രി വ്യക്തമാക്കി.